2004ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ നേട്ടം സിപിഎമ്മിന് 2019ല്‍ ഉണ്ടാകില്ലെന്ന് പ്രകാശ് കാരാട്ട്
|യെച്ചൂരിയുമായി പ്രശ്‌നങ്ങളില്ല. മൂന്നാം മുന്നണിയുണ്ടാക്കുകയെന്നത് സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
2004ലെ നേട്ടം 2019 ല്‍ സിപിഎമ്മിന് ആവര്‍ത്തിക്കാനാവില്ലെന്ന് പ്രകാശ് കാരാട്ട്. 2004 ല്‍ കേരളത്തില്‍ 18 സീറ്റുകള്‍ നേടിയത് ഒറ്റപ്പെട്ട സംഭവമാണെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. ദേശിയതലത്തില്‍ മൂന്നാം മുന്നണിയെന്നത് സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതായും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കാരാട്ട് പറഞ്ഞു.
2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎം കൈവരിച്ച മികച്ച നേട്ടം അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ കൈവരിക്കാനാവില്ലെന്നാണ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ 2004 ല്‍ 20 ല്‍ 18 സീറ്റുകള്‍ നേടിയത് ഒറ്റപ്പെട്ടസംഭവമാണന്നും കാരാട്ട് വ്യക്തമാക്കി. ബംഗാള്‍ അടക്കം പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടി തകര്‍ന്ന് പോയതും തിരിച്ചടിയാണ്.
അതേസമയം 2004 ല്‍ ഉയര്‍ന്നത് പോലെ കേന്ദ്രത്തില്‍ മതേരതരസര്‍ക്കാര്‍ വരുമോയെന്ന ചോദ്യം തന്നെയാണ് 2019 ലും നിലനില്‍ക്കുന്നത്. എന്നാല്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാനാവില്ല. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം മതേതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാഹചര്യം വരുകയാണെങ്കില്‍ അന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കാരാട്ട് വിശദീകരിച്ചു.
ദേശീയതലത്തില്‍ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് മൂന്നാംമുന്നണി രൂപീകരിക്കുകയെന്നത് സാധ്യമല്ലെന്ന് മുന്‍കാല അനുഭവത്തില്‍ നിന്ന് തിരിച്ചറിഞ്ഞതായും കാരാട്ട് വിശദീകരിച്ചു. സംസ്ഥാനതലത്തില്‍ സഖ്യങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ദേശിയതലത്തില്‍ ഇതിന് സാധ്യതയില്ലെന്നും കാരാട്ട് പറഞ്ഞു. പാര്‍ട്ടിയില്‍ കേരള ലൈന്‍, ബംഗാള്‍ ലൈന്‍ എന്നൊന്നുമില്ലെന്നും യെച്ചൂരിയുമായി പ്രശ്‌നങ്ങളുണ്ടെന്നത് പ്രചാരണങ്ങള്‍മാ്ത്രമാണെന്നും കാരാട്ട് വ്യക്തമാക്കി.