തമിഴ്നാട് സര്‍ക്കാര്‍ ആരുടെയോ താളത്തിന് തുള്ളുന്നു; രാമരാജ്യ രഥയാത്രയ്ക്കെതിരെ കമല്‍ഹാസന്‍
|ജനങ്ങളെ ഭിന്നിപ്പിക്കല്‍ എന്ന രാഷ്ട്രീയ അജണ്ടയുമായി എത്തിയ രഥയാത്രയ്ക്കാണ് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് കമല്‍ ഹാസന്‍ വിമര്‍ശിച്ചു.
തമിഴ്‌നാട്ടിലെത്തിയ വിശ്വഹിന്ദു പരിഷത്തിന്‍റെ രാമരാജ്യ രഥയാത്രയ്ക്കെതിരെ കമല്‍ഹാസന്‍. ജനങ്ങളെ ഭിന്നിപ്പിക്കല്‍ എന്ന രാഷ്ട്രീയ അജണ്ടയുമായി എത്തിയ രഥയാത്രയ്ക്കാണ് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് കമല്‍ ഹാസന്‍ വിമര്‍ശിച്ചു. രഥയാത്രയെ എതിര്‍ത്ത് സാമൂഹ്യഐക്യത്തിനുവേണ്ടി മുദ്രാവാക്യം വിളിച്ചവര്‍ അറസ്റ്റിലായിരിക്കുകയാണ്. ജനങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ സര്‍ക്കാര്‍ ആരുടെയോ താളത്തിന് തുള്ളുകയാണെന്നും കമല്‍ഹാസന്‍ കുറ്റപ്പെടുത്തി.
രഥയാത്ര ഇന്നാണ് തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ പ്രവേശിച്ചത്. വിവിധ ഭാഗങ്ങളില്‍ നിന്ന് രഥയാത്രക്കെതിരെ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് മാര്‍ച്ച് 23 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുപരീക്ഷയെഴുതുന്ന കുട്ടികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പോലും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് കമല്‍ഹാസന്‍ വിമര്‍ശിച്ചു.
600 പേര്‍ കരുതല്‍ തടങ്കലിലാണ്. 1500 പൊലീസുകാരെയാണ് രഥയാത്രയുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വിന്യസിച്ചിരിക്കുന്നത്. എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രഥയാത്രക്കെതിരെ രംഗത്തെത്തിയിരുന്നു.