പാതിവ്രത്യം സംരക്ഷിക്കണമെന്നുള്ളവര്‍ എന്തിന് സിനിമ കാണാന്‍ പോയി: ജാദവ് പൂര് സര്‍വകലാശാല വിദ്യാര്‍ഥിനികളോട് ബിജെപി നേതാവ്
|ജാദവ്പുര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ നാണമില്ലാത്തവരാണെന്ന പ്രസ്താവനയുമായി ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്.
ജാദവ്പുര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ നാണമില്ലാത്തവരാണെന്ന പ്രസ്താവനയുമായി ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. ക്യാമ്പസില്‍ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ പെണ്‍കുട്ടികളെ ബിജെപി പ്രവര്‍ത്തകര്‍ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ഇങ്ങനെയൊരു പ്രസ്താവനയുമായി ദിലീപ് ഘോഷ് രംഗത്ത് വന്നിരിക്കുന്നത്.
സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ സംസ്കാരമില്ലാത്തവരും നാണമില്ലാത്തവരും എപ്പോഴും ആണ്‍കുട്ടികളുമായി കൂട്ടുകൂടിനടക്കുന്നവരുമാണെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ബുദ്ധ ഇന്‍ എ ട്രാഫിക് ജാം എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ മെയ് ആറിന് സര്‍വകലാശാലയില്‍ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. പ്രതിഷേധത്തിനിടെ എബിവിപി-ഇടത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. ഇതിനിടയില്‍ എബിവിപി പ്രവര്‍ത്തകര്‍ അപമാനിച്ചുവെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് ഘോഷിന്റെ പ്രസ്താവന. തങ്ങളുടെ പാതിവ്രത്യം സംരക്ഷിക്കപ്പെടേണ്ടതാണെങ്കില്‍ എന്തിന് പെണ്‍കുട്ടികള്‍ സിനിമയുടെ പ്രദര്‍ശനത്തില്‍ പങ്കെടുത്തുവെന്നാണ് ഘോഷ് ചോദിക്കുന്നത്.
ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ മറ്റുള്ളവരെ പോലെ പ്രതിഷേധിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം എബിവിപിക്കുമുണ്ട്. അങ്ങനെയുള്ള പ്രതിഷേധം മാത്രമാണ് മെയ് ആറിനു നടന്നതെന്നും മറ്റുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ദിലീപ് ഘോഷ് പറയുന്നു