ഇന്ത്യാസ് ഡോട്ടറിന്റെ പ്രദര്‍ശന വിലക്ക് പിന്‍വലിക്കില്ല
|ഡൽഹി കൂട്ടബലാത്സംഗത്തിന്റെ വാര്‍ഷികത്തില്‍ ബ്രിട്ടീഷ് സംവിധായിക ലെസ്ലി ഉഡ്-വിന് തയ്യാറാക്കിയ ഡോക്യുമെന്ററി ഇന്ത്യാസ് ഡോട്ടറിന് ഏര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക് പിന്‍വലിക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ഡൽഹി കൂട്ടബലാത്സംഗത്തിന്റെ വാര്‍ഷികത്തില്‍ ബ്രിട്ടീഷ് സംവിധായിക ലെസ്ലി ഉഡ്-വിന് തയ്യാറാക്കിയ ഡോക്യുമെന്ററി ഇന്ത്യാസ് ഡോട്ടറിന് ഏര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക് പിന്‍വലിക്കണമെന്ന ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. മൂന്ന് നിയമ വിദ്യാര്‍ഥികളാണ് പ്രദര്‍ശന വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ 2012 ഡിസംബര്‍ 16ലെ ഡൽഹി കൂട്ടബലാത്സംഗ കഥയിലൂടെ ലിംഗസമത്വം, പുരുഷ മനോഭാവം തുടങ്ങിയവ ചർച്ച ചെയ്യുന്ന ഡോക്യുമെന്ററിയാണ് ഇന്ത്യാസ് ഡോട്ടര്‍. കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലു പ്രതികളെ 30 മണിക്കൂറോളം അഭിമുഖം നടത്തിയാണ് ബ്രിട്ടീഷ് സംവിധായിക ലെസ്ലി ഉഡ്-വിന് ഡോക്യുമെന്ററി തയ്യാറാക്കിയത്.
അഭിമുഖത്തില്‍ പ്രതികളിലൊരാളായ മുകേഷ് സിങ് കൂട്ടബലാത്സംഗത്തിന്റെ ഉത്തരവാദിത്തം പെൺകുട്ടിക്കു തന്നെയാണെന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് ഡൽഹി പാട്യാല ഹൗസ് കോടതി വിലക്കിയത്. അഭിമുഖം യുടൂബില്‍ അപ്ലോഡ് ചെയ്യുന്നതും വിലക്കിയിരുന്നു. കോടതി വിലക്ക് നിലനില്‍ക്കുന്നതിനാല്‍ യു.കെ അടക്കമുള്ള രാജ്യങ്ങളിലാണ് ബി.ബി.സി അഭിമുഖം സംപ്രേഷണം ചെയ്തത്.
ഈ സാഹചര്യത്തിലാണ് മൂന്ന് നിയമവിദ്യാര്‍ഥികള്‍ ഡല്‍ഹി ഹൈക്കോടതിയെ കോടതിയെ സമീപിച്ചത്. ഡോക്യുമെന്ററിക്ക് ഇന്ത്യയിലേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു.