India
ഒരു തെരഞ്ഞെടുപ്പ് തോല്‍വിയില്‍ അണയില്ല ആ പോരാട്ടവീര്യംഒരു തെരഞ്ഞെടുപ്പ് തോല്‍വിയില്‍ അണയില്ല ആ പോരാട്ടവീര്യം
India

ഒരു തെരഞ്ഞെടുപ്പ് തോല്‍വിയില്‍ അണയില്ല ആ പോരാട്ടവീര്യം

Sithara
|
15 May 2018 1:49 AM GMT

ഇന്നും ഇറോം പറഞ്ഞത് അഫ്സ്പക്കെതിരായ പോരാട്ടം തുടരുമെന്നാണ്. ആഗോളതലത്തില്‍ തന്നെ ആ പോരാട്ടത്തിന് പിന്തുണ തേടുമെന്നാണ്. മണിപ്പൂരിലെ ജനതയ്ക്ക് ഒരു തെരഞ്ഞെടുപ്പ് വിധിയോടെ ആ നിശ്ചയദാര്‍ഢ്യത്തെ പരാജയപ്പെടുത്താനാവില്ലെന്ന് ആ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.

ഇന്ന് രാജ്യമാകെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കിക്കൊണ്ടിരുന്നപ്പോള്‍ ആ ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് എയ്ഡ്സ് രോഗബാധിതരുടെ കുഞ്ഞുങ്ങള്‍ക്കൊപ്പമായിരുന്നു ഇറോം ശര്‍മിള. എയ്ഡ്സ് ബാധിതരുടെയും അവരുടെ കുഞ്ഞുങ്ങളുടെയും പുനരധിവാസകേന്ദ്രമായ കാര്‍മല്‍ ജ്യോതി കോണ്‍വന്റിലായിരുന്നു ഇറോം. ഈ പുനരധിവാസകേന്ദ്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളാണ്. ഇന്ന് വോട്ടെണ്ണല്‍ പുരോഗമിക്കവേ തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോട് അവര്‍ പറഞ്ഞത് വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെന്നാണ്. അപ്പോഴും അവര്‍ ജനങ്ങളെ കുറ്റപ്പെടുത്തിയില്ല. എതിരാളികള്‍ പണമൊഴുക്കിയും മസില്‍ പവറുപയോഗിച്ചും വോട്ടുകള്‍ വിലയ്ക്ക് വാങ്ങിയെന്ന് അവര്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ധാര്‍മികമായി പരാജയപ്പെട്ടതായി തോന്നുന്നില്ലെന്ന ഇറോമിന്റെ വാക്കുകളിലുണ്ട് അണയാത്ത പോരാട്ടവീര്യത്തിന്റെ നിശ്ചയദാര്‍ഢ്യം.

ഒന്നും രണ്ടുമല്ല നീണ്ട 16 വര്‍ഷങ്ങളാണ് ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ഇറോം ശര്‍മ്മിള മാറ്റിവെച്ചത്. 2000 നവംബറില്‍ രണ്ടിന് മണിപ്പൂരിലെ മാലോമില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന 10 പേരെ ആസാം റൈഫിള്‍സ് സൈനികര്‍ വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. സമരം തുടങ്ങുമ്പോള്‍ 28 വയസ്സായിരുന്നു ഇറോമിന്റെ പ്രായം. അറസ്റ്റ് ചെയ്തും തടവില്‍ പാര്‍പ്പിച്ചും സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഭരണകൂടം ശ്രമിച്ചെങ്കിലും ഇറോം വഴങ്ങിയില്ല. ശ്വാസനാളത്തിലൂടെ കുഴലിട്ട് നിർബന്ധപൂർവ്വം അവര്‍ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിക്കൊണ്ടിരുന്നു. ആ ജീവന്‍ നിലച്ചാലുള്ള പ്രത്യാഘാതം ഭയന്ന് ഭരണകൂടം ഇറോം നിരാഹാര സമരം അവസാനിപ്പിക്കുന്നതു വരെ ആ പതിവ് തുടര്‍ന്നു.

മണിപ്പൂരില്‍ സൈന്യത്തിന്റെ അതിക്രമം ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സൈന്യത്തിന്റെ നരനായാട്ടും മനുഷ്യാവകാശ ലംഘനങ്ങളും ഇക്കാലയളവില്‍ പുറത്തുവന്നുകൊണ്ടിരുന്നു. ഇംഫാലിലെ സൈനികാസ്ഥാനത്ത് 'ഇന്ത്യന്‍ സൈന്യം ഞങ്ങളെ ബലാത്സംഗം ചെയ്തു' എന്ന ബാനറുമേന്തി സ്ത്രീകള്‍ പൂര്‍ണനഗ്നരായി സ്ത്രീകള്‍ നടത്തിയ പ്രതിഷേധം സമാനതകളില്ലാത്തതാണ്. ഭരണകൂടവേട്ടയ്ക്കെതിരായ ഇറോമിന്റെ സഹന സമരത്തിന്റെ പ്രസക്തിയുടെ അടിസ്ഥാനവും ഞെട്ടിപ്പിക്കുന്ന ഈ യാഥാര്‍ഥ്യങ്ങളാണ്. എന്നിട്ടും മനസാക്ഷിയുടെ ആ തടവുകാരിക്ക് നോട്ടയ്ക്കും പിന്നിലായി വെറും 90 വോട്ടുകളാണ് ആ നാട്ടുകാര്‍ വിധിച്ചത്. അനിതരസാധാരണമായ പോരാട്ടവീര്യത്തോടെ, സഹന ശക്തിയോടെ ഭരണകൂട ആധിപത്യത്തിനെതിരെ പോരാടിയ ഉരുക്കുവനിതക്കാണ് ഈ ജനാധിപത്യം അവര്‍ ഒരിക്കലും അര്‍ഹിക്കാത്ത വിധി സമ്മാനിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഒറ്റയ്ക്ക് സൈക്കിളില്‍ സഞ്ചരിച്ച്, തനിച്ച് വോട്ട് തേടിയിരുന്ന ഇറോമിന്റെ ചിത്രം ജനവിധിയെ കുറിച്ച് ഏകദേശ ധാരണ നേരത്തെ തന്നെ നല്‍കിയിരുന്നു എന്നതാണ് വാസ്തവം. നിരാഹാര സമര കാലത്ത് ഭരണകൂടമാണ് അവരെ ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്നതെങ്കില്‍ നിരാഹാര സമരം അവസാനിപ്പിച്ചപ്പോള്‍ പ്രിയപ്പെട്ടവര്‍ പോലും അവരെ ഒറ്റപ്പെടുത്തി. സമരത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇനി ജനാധിപത്യത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അഫ്സ്പയെക്കെതിരായി പോരാട്ടം തുടരാമെന്ന് ഇറോം കരുതിയെങ്കില്‍ അതവരുടെ പാര്‍ലമെന്ററി വ്യാമോഹമെന്ന് വിമര്‍ശിച്ച് അനുയായികള്‍ പിന്‍വാങ്ങി. എന്തിന് ഒരാളെ പ്രണയിക്കാനും അയാള്‍ക്കൊപ്പം ജീവിക്കാനുമുള്ള അവരുടെ അവകാശത്തെ പോലും സ്വാര്‍ഥതയെന്ന് കുറ്റപ്പെടുത്തി. കാംഗ്ലിപാക് എന്ന സംഘടന ഇറോമിനെ വധഭീഷണി വരെ മുഴക്കി. നിരാഹാര സമരം നിര്‍ത്തി രാഷ്ട്രീയ പ്രവേശനത്തിന് ഇറോം തീരുമാനിച്ചത് അത്രയ്ക്ക് ആ നാട്ടിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.

ഇറോമിന്റെ രാഷ്ട്രീയ പ്രവേശത്തെ എതിര്‍ത്തവരും അവര്‍ക്ക് പാര്‍ലമെന്ററി വ്യാമോഹമാണെന്ന് വിമര്‍ശിച്ചവരും ഓര്‍ക്കാതെ പോയെ ചില വസ്തുതകളുണ്ട്.. പാര്‍ലമെന്ററി വ്യാമോഹമാണ് രാഷ്ട്രീയ പ്രവേശത്തിന് കാരണമെങ്കില്‍, മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞാല്‍ ഏത് പാര്‍ട്ടിയും അവര്‍ക്ക് സീറ്റ് നല്‍കുമായിരുന്നില്ലേ? പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലൈന്‍സ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് കഷ്ടപ്പെടുമായിരുന്നോ? ഏറ്റവും സുരക്ഷിതമായ ഒരു മണ്ഡലമായിരുന്നില്ലേ അവര്‍ മത്സരിക്കാന്‍ തെരഞ്ഞെടുക്കുമായിരുന്നുള്ളൂ? നിലവിലെ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ തോന്നിയെങ്കില്‍ തന്റെ പോരാട്ടവീര്യം ആര്‍ക്കും അവര്‍ അടിയറവ് വെച്ചിട്ടില്ല എന്നല്ലേ അര്‍ത്ഥം?

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഇറോം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി എന്തുചെയ്യാന്‍ പോകുന്നുവെന്ന് ചോദിച്ച ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടറോട് അവര്‍ പറഞ്ഞത് കേരളത്തില്‍ ഏതെങ്കിലും ആശ്രമത്തില്‍ ഇനി കുറച്ചുനാള്‍ താമസിക്കാന്‍ താല്‍പര്യമുണ്ടെന്നാണ്. ഒപ്പം ഒരുകാര്യം കൂടി ഇറോം ഉറപ്പിച്ചുപറഞ്ഞു, അഫ്സ്പക്കെതിരായ പോരാട്ടം തുടരുമെന്ന്. ആഗോളതലത്തില്‍ തന്നെ ആ പോരാട്ടത്തിന് പിന്തുണ തേടുമെന്ന്. മണിപ്പൂരിലെ ജനതയ്ക്ക് ഒരു തെരഞ്ഞെടുപ്പ് വിധിയോടെ ആ നിശ്ചയദാര്‍ഢ്യത്തെ പരാജയപ്പെടുത്താനാവില്ലെന്ന് ആ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ഇനി അറിയേണ്ടത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരിക്കലും അര്‍ഹിക്കാത്ത വിധി ഇറോമിന് സമ്മാനിച്ച ജനത എന്നെങ്കിലും ആത്മവിമര്‍ശനം നടത്തുമോ എന്നാണ്.

Related Tags :
Similar Posts