കേന്ദ്രമന്ത്രിസഭ പുനഃസംഘടന നാളെ; മോദി മന്ത്രിസഭയിലേക്ക് പുതുമുഖങ്ങള്‍
|2019 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള വന്‍ അഴിച്ചുപണിക്കാണ് മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
പ്രമുഖ മന്ത്രിമാരെ നീക്കി നരേന്ദ്ര മോദി മന്ത്രിസഭയുടെ പുനസംഘടന നാളെ നടക്കും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പുനസംഘടനയിലൂടെ നിരവധി പുതുമുഖങ്ങളും മന്ത്രിസഭയിലെത്തും. പ്രകാശ് ജാവദേക്കറിന് പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയെന്നാണ് സൂചന. മന്ത്രിസഭയില്‍ ചേരുന്നതിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ജെഡിയു വ്യക്തമാക്കി. നാളെ രാവിലെ 10 മണിക്കാണ് പുനസംഘടന.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് മന്ത്രിസഭയിലെ വന്‍ അഴിച്ചുപണി. മുതിര്‍ന്ന നേതാവ് ഉമാഭാരതി, രാജീവ് പ്രതാപ് റൂഡി, ബണ്ഡാരു ദത്താത്രേയ തുടങ്ങി നിരവധി മന്ത്രിമാരില്‍ നിന്ന് പുനസംഘടനയക്ക് മുന്നോടിയായി പാര്‍ട്ടി നേതൃത്വം രാജി എഴുതി വാങ്ങിക്കഴിഞ്ഞു. ഫഗന്‍ സിങ് കുലാസ്ത, സഞ്ജീവ് ബല്ല്യാണ്‍, മഹേന്ദ്ര നാഥ് പാണ്ഡെ, കല്‍രാജ് മിശ്ര എന്നിവരും രാജിവെച്ചവരില്‍ ഉള്‍പ്പെടും. പകരം നിരവധി പുതുമുഖങ്ങള്‍ മന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന. പാര്‍ട്ടി വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ, ജനറല്‍സെക്രട്ടറി ഭൂപേന്ദ്ര യാദവ് തുടങ്ങിയവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്. ഇതിനുപുറമെ നിലവിലെ പല മന്ത്രിമാര്‍ക്കും വകുപ്പ് മാറ്റമുണ്ടാകും.
സുരേഷ് പ്രഭുവിനെ പരിസ്ഥിതി വകുപ്പിലേക്ക് മാറ്റി നിതിന്‍ ഗഡ്കരിക്കാവും പകരം ചുമതല. അനന്ത് കുമാറിന് നഗരവികസനവും ലഭിക്കും. പിയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, നിര്‍മലാ സീതാരാമന്‍ എന്നിവര്‍ക്ക് വകുപ്പ്മാറ്റത്തിനൊപ്പം ക്യാബിനറ്റ് പദവിയും നല്‍കിയേക്കും. പ്രകാശ് ജാവദേക്കറായിരിക്കും പുതിയ പ്രതിരോധമന്ത്രി എന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ നിന്നുള്ള നേതാക്കളും മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കും. മുന്നണിയുടെ ഭാഗമായ ജെഡിയുവിന് മന്ത്രിസഭയില്‍ ചേരാന്‍ ക്ഷണം ലഭിച്ചിട്ടില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. എഐഎഡിഎംകെയും മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് സൂചന.