India
ചരക്ക് സേവന നികുതി ബില്‍ ‌അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് അരുണ്‍ ജെയ്റ്റിലി.ചരക്ക് സേവന നികുതി ബില്‍ ‌അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് അരുണ്‍ ജെയ്റ്റിലി.
India

ചരക്ക് സേവന നികുതി ബില്‍ ‌അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് അരുണ്‍ ജെയ്റ്റിലി.

admin
|
15 May 2018 8:33 AM GMT

ഇനിയും കോണ്‍ഗ്രസിന്‍റെ പിന്തുണക്കായി കാത്തിരിക്കാനാകില്ല. ബില്ലിനോട് ആശയപരമായ എതിര്‍പ്പല്ല കോണ്‍ഗ്രസിന് രാഷ്ട്രീയമായ എതിര്‍പ്പാണ് ഉള്ളതെന്നും ജെയ്റ്റ്ലി പറഞ്ഞു.

ചരക്ക് സേവന നികുതി ബില്‍ കോണ്‍ഗ്രസ് പിന്തുണച്ചാലും ഇല്ലെങ്കിലും അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. ഇനിയും കോണ്‍ഗ്രസിന്‍റെ പിന്തുണക്കായി കാത്തിരിക്കാനാകില്ല. ബില്ലിനോട് ആശയപരമായ എതിര്‍പ്പല്ല കോണ്‍ഗ്രസിന് രാഷ്ട്രീയമായ എതിര്‍പ്പാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം യുപിഎ സര്‍ക്കാരാണ് ചരക്ക് സേവന നികുതി ബില്ലിന്‍റെ യഥാര്‍ത്ഥ പ്രയോക്താക്കള്‍. അന്ന് ബിജെപിയുടെ രാഷ്ട്രീയ എതിര്‍പ്പ് മൂലം ബില്‍ പാസ്സാക്കാന്‍ ആയില്ല. തുടര്‍ന്ന് അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ ബില്‍ പാസ്സാക്കാന്‍ തിരക്കിട്ട ശ്രമം നടത്തിയപ്പോള്‍ രാജ്യസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് കോണ്‍ഗ്രസ് തടസ്സവാദങ്ങളുമായി രംഗത്തെത്തി.

കഴിഞ്ഞ എപ്രില്‍ ഒന്ന് മുതല്‍ ബില്‍ നിയമമായി രാജ്യത്തെമ്പാടും പ്രാബല്യത്തില്‍ കൊണ്ട് വരണമെന്നായിരുന്ന മോദി സര്‍ക്കാരിന്‍റെ ആഗ്രഹം. കോണ്‍ഗ്രസിന്‍റെ വഴിമുടക്കലില്‍ അത് നടക്കാതെ പോയി. ഒടുവില്‍ കഴിഞ്ഞ ദിവസം അവസാനിച്ച വേനല്‍ക്കാല സമ്മേളനത്തില്‍ ബില്‍ രാജ്യസഭയില്‍ പാസ്സാക്കിയെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസുമായി സമവായത്തില്‍ എത്താനാകാതെ അതും സാധിക്കാതെ പോയി. ഈ സാഹചര്യത്തിലാണ്, കോണ്‍ഗ്രസിനെ വകവെക്കാതെ അടുത്ത സമ്മേളനത്തില്‍ ബില്‍ രാജ്യസഭയില്‍ വോട്ടിനിട്ട് പാസ്സാക്കുമെന്ന് അരുണ്‍ ജെയ്റ്റിലി പറയുന്നത്.

പ്രതിപക്ഷത്ത പാര്‍ട്ടികളില്‍ കോണ്‍ഗ്രസ് മാത്രമാണ് ബില്ല് മുടക്കാന്‍ ശ്രമിക്കുന്നത്. ആശയപരമായി ജിഎസ്ടിയോട് യോജിക്കുന്ന കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ് തീര്‍ത്തും രാഷ്ട്രീയമാണ്. കോണ്‍ഗ്രസുമായി ഇനിയും ചര്‍ച്ചകള്‍ നടത്തും. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ കിട്ടുന്നവരെ കാത്തിരിക്കാന്‍ തയ്യാറല്ലെന്നും ജെയ്റ്റിലി കൂട്ടിച്ചേര്‍ത്തു. രാജ്യസഭയില്‍ പുതുതായി വരുന്ന ഒഴിവുകള്‍ നികത്തപ്പെടുമ്പോള്‍ കോണ്‍ഗ്രസിന്‍റെ ഭൂരിപക്ഷത്തില്‍ ചെറിയ കുറവുണ്ടാവുകയും, ബിജെപിക്ക് നേരിയ വര്‍ദ്ധന ഉണ്ടാവുകയും ചെയ്യും. ഇത് കോണ്‍ഗ്രസിന്‍റെ വിലപേശല്‍ ശേഷി കുറക്കുകയും മറ്റിതര പാര്‍ട്ടികളുമായി ചേര്‍ന്ന് ബില്ലിന് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നുമുള്ള കണക്ക് കൂട്ടലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.

Related Tags :
Similar Posts