പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകരെ പാഠം പഠിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥ
|സര്‍ക്കിള്‍ ഓഫീസറായ ശ്രേഷ്ഠാ താക്കൂര്‍ ആണ് ഈ ധീരവനിത
പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച ബിജെപി പ്രവര്‍ത്തകരെ നടുറോഡില്‍ പാഠം പഠിപ്പിച്ച് യു.പിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ. സര്‍ക്കിള്‍ ഓഫീസറായ ശ്രേഷ്ഠാ താക്കൂര്‍ ആണ് ഈ ധീരവനിത. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ബിജെപി നേതാവിനെതിരെ പിഴ ചുമത്തി അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിനെതിരെ മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയത്.
എന്നാല്‍ സംഭവ സ്ഥലത്തെത്തിയ ശ്രേഷ്ഠാ താക്കൂര്‍ ബിജെപിക്കാരെ കണക്കിന് ശാസിച്ചു. നിങ്ങള്‍ ആദ്യം നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്തൂപോകൂ. എന്നിട്ട് വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് എഴുതി വാങ്ങിക്കൊണ്ടുവരൂ. അല്ലാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ല. അര്‍ധരാത്രിയില്‍ പോലും കുടുംബം വിട്ട് ഞങ്ങള്‍ വരുന്നത് തമാശയ്ക്കല്ല. ജോലി ചെയ്യാനാണ്. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പാര്‍ട്ടിയുടെ പേര് മോശമാക്കുന്നത്. അധികം വൈകാതെ തന്നെ നിങ്ങളെ ബി.ജെ.പിയുടെ ഗുണ്ടകള്‍ എന്ന് ആളുകള്‍ വിളിച്ചോളും. നടുറോഡില്‍ പ്രശ്നമുണ്ടാക്കിയാല്‍ കൂടുതല്‍ വകുപ്പ് ചേര്‍ത്ത് അകത്തിടും...ഒട്ടും കൂസാതെ ശ്രേഷ്ഠ പറഞ്ഞു.
വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കാര്യകാരണമുള്ള മറുപടി കേട്ട് അന്തം വിട്ടു നില്‍ക്കാനേ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുള്ളൂ. ചുറ്റും കൂടി നിന്ന ബി.ജെ.പിക്കാര്‍ക്ക് നടുവില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയായ ഇവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രവര്‍ത്തകര്‍ ഇടക്കിടെ മുദ്രാവാക്യം വിളിക്കുമ്പോഴും അത് കേട്ട് ഒരു ചെറുപുഞ്ചിരിയോടെ നില്ക്കുന്ന ശ്രേഷ്ഠാ താക്കൂറിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. ഇതാണ് പൊലീസിന്റെ ചങ്കൂറ്റമെന്നും ഇങ്ങനെയാവണം പൊലീസെന്നുമാണ് ചിലരുടെ കമന്റ്.
വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ബി.ജെ.പിയുടെ ജില്ലാ തല നേതാവായ പ്രമോദ് ലോധിയെ വേണ്ടത്ര രേഖകളില്ലാതെ വാഹനം ഓടിച്ചതിന്റെ പേരില്‍ പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനോട് അപമര്യാദയായി പെരുമാറുകയും ഇതിന് പിന്നാലെ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയപ്പോഴും വലിയപ്രതിഷേധമായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.