ഈ ചിത്രങ്ങള്‍ പറയും കറുപ്പ് ദൈവികമാണെന്ന്; പരമ്പരാഗത ഇന്ത്യന്‍ സൌന്ദര്യ സങ്കല്‍പങ്ങളെ വെല്ലുവിളിച്ച് ഒരു ഫോട്ടോഗ്രാഫര്‍
|ചെന്നൈ ഫോട്ടോഗ്രാഫറായ നിലേഷ് നില്ലാണ് ചിത്രങ്ങളെടുത്തത്
നമ്മള്‍ കണ്ട ചിത്രങ്ങളിലെ ദൈവങ്ങള്‍ക്കൊക്കെ വെളുത്ത നിറമാണ്. സീതയും രാമനും മുരുകനുമെല്ലാം വെണ്ണയുടെ നിറമുള്ളവര്‍. എന്നാല്‍ ഈ ചിത്രങ്ങള്‍ പറയുന്നത് കറുപ്പ് ദൈവികമാണെന്നാണ്. ഈ ആശയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് എടുത്ത ഫോട്ടോകളിലെ ദൈവങ്ങളെല്ലാം എണ്ണക്കറുപ്പുള്ളവരാണ്. ചെന്നൈ ഫോട്ടോഗ്രാഫറായ നിലേഷ് നില്ലാണ് ചിത്രങ്ങളെടുത്തത്. 'ഡാര്‍ക്ക് ഈസ് ഡിവൈന്‍' എന്ന പ്രോജക്ടിന്റെ ഭാഗമായി ക്രിയേറ്റീവ് ഡയറക്ടര്‍ ഭരദ്വാജ് സുന്ദറുമായി ചേര്‍ന്നാണ് നിലേഷ് ചിത്രങ്ങളെടുത്തത്. ഇരുവരും സ്ലിംഗ്ഷോട്ട് ക്രിയേഷന്‍സ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഹൌസ് നടത്തുകയാണ്.
2017 സെപ്തംബറിലാണ് പ്രോജക്ട് തുടങ്ങിയത്. രണ്ട് മാസം കൊണ്ടു ഏഴോളം പോര്‍ട്രയിറ്റുകള്‍ എടുത്തു. ശ്രീകൃഷ്ണന്‍, ലക്ഷ്മി, ബാലമുരുകന്‍ എന്നിവര്‍ ഇതിലുള്‍പ്പെടുന്നു.
ഫോട്ടോക്ക് മോഡലാകാന്‍ കറുത്ത നിറത്തിലുള്ളവരെയാണ് ക്ഷണിച്ചതെന്ന് നിലേഷ് പറയുന്നു. നിറത്തില്‍ അപകര്‍ഷതയില്ലാത്ത തങ്ങളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ക്കായിരുന്നു മുന്‍ഗണന.
കറുത്ത നിറത്തില്‍ ധ്യാനനിമഗ്നനായി ഇരിക്കുന്ന പരമശിവന്‍, ലവകുശന്‍മാരൊടൊപ്പം ഇരിക്കുന്ന കറുത്ത സീത..നിലേഷിന്റെ ഫോട്ടോകള്‍ തീര്‍ച്ചയായും നമ്മെ അതിശയിപ്പിക്കും.
രാജാരവി വര്‍മ്മയുടെ ചിത്രങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള ആഭരണങ്ങളും വസ്ത്രങ്ങളും തെരഞ്ഞെടുത്തത്.
ചിത്രങ്ങളെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് നിലേഷ് പറയുന്നു.