തനിക്കെതിരെ ഡല്‍ഹിയിലെ ബോസ് ഗൂഢാലോചന നടത്തി; മോദിക്കെതിരെ തൊഗാഡിയ
|കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഭട്ട് എത്ര പ്രാവശ്യം മോദിയുമായി സംസാരിച്ചു? ഇരുവരുടെയും ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും തൊഗാഡിയ
ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദേശപ്രകാരം അഹമ്മദാബാദ് ജോയിന്റ് കമ്മീഷണര്‍ ജെ കെ ഭട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് വിഎച്ച്പി നേതാവ് പ്രവിണ്‍ തൊഗാഡിയ. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഭട്ട് എത്ര പ്രാവശ്യം മോദിയുമായി സംസാരിച്ചു? ഇരുവരുടെയും ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയെ പഴയ സുഹൃത്തെന്ന് അഭിസംബോധന ചെയ്ത തൊഗാഡിയ ജനാധിപത്യത്തെ കൊല്ലുന്ന നീക്കം നടത്തരുതെന്നും ആവശ്യപ്പെട്ടു. തന്നെ കുടുക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന അവകാശവാദം കള്ളമാണെന്ന് ജെ കെ ഭട്ട് വാര്‍ത്താസമ്മേളനം നടത്തിയത് തൊഗാഡിയയെ പ്രകോപിപ്പിച്ചു. 10 വര്‍ഷം മുന്‍പ് അവസാനിപ്പിച്ച കേസ് രാജസ്ഥാന് മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ പൊലീസ് ഉയര്ത്തിക്കൊണ്ടുവന്നിരിക്കുകയാണെന്ന് തൊഗാഡിയ ഇന്നലെയും ആരോപിച്ചു. തന്നെ കൊല്ലാനാണ് പൊലീസിന്റെ നീക്കമെന്നും ക്രൈംബ്രാഞ്ചല്ല കോണ്‍സ്പിറസി ബ്രാഞ്ചാണ് (ഗൂഢാലോചന) അതെന്നും തൊഗാഡിയ ആരോപിച്ചു.
ക്രൈംബ്രാഞ്ച് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചില വിഡിയോ ഭാഗങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ക്രൈംബ്രാഞ്ചിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൊഗാഡിയ വ്യക്തമാക്കി.