11,360 കോടിയുടെ പിഎന്‍ബി തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് പുതുതായി നിയമനം നേടിയയാള്‍
|പുതുതായി നിയമിതനായ ഉദ്യോഗസ്ഥന്റെ പരാതി പിഎന്‍ബി വഴി ജനുവരി 29നാണ് സിബിഐക്ക് ലഭിക്കുന്നത്. ജനുവരി 31ന് തന്നെ സിബിഐ പരാതിയില്കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഇന്ത്യന്‍ ബാങ്കിംങ് മേഖലയിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് പുറത്തുവന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗോകുല്‍ നാഥ് ഷെട്ടിയെന്ന ഉദ്യോഗസ്ഥന്റെ വിരമിക്കലായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഈ വിരമിച്ച ജീവനക്കാരന്റെ കൂടി ഒത്താശയിലാണ് വജ്ര വ്യാപാരിയായ നീരവ് മോഡി കോടികളുടെ തട്ടിപ്പ് നടത്തിയത്. പകരമെത്തിയ ജീവനക്കാരന് ബാങ്കിലെ തട്ടിപ്പ് തിരിച്ചറിയുകയും രണ്ട് ബാങ്ക് ജീവനക്കാര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ബാങ്ക് അധികൃതര്‍ പരാതി സിബിഐക്ക് കൈമാറുകയും ചെയ്തതോടെയാണ് പിഎന്‍ബി തട്ടിപ്പ് പുറംലോകം അറിയുന്നത്.
പുതുതായി നിയമിതനായ ഉദ്യോഗസ്ഥന്റെ പരാതി പിഎന്‍ബി വഴി ജനുവരി 29നാണ് സിബിഐക്ക് ലഭിക്കുന്നത്. ജനുവരി 31ന് തന്നെ സിബിഐ പരാതിയില്കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതിനും ഏറെ മുമ്പ് ജനുവരി ഒന്നിന് നീരവ് മോദി രാജ്യം വിട്ടു. നീരവ് മോദിക്കും പരാതിയിലെ രണ്ട് ബാങ്ക് ജീവനക്കാര്‍ക്കുമെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
2011 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഉള്‍പ്പടെയുള്ളവരുടെ സഹായത്തിലാണ് തട്ടിപ്പ് അരങ്ങേറിയതെന്നാണ് സൂചന. 280 കോടിയുടെ തട്ടിപ്പു വാര്‍ത്തയാണ് ആദ്യം പുറത്തുവരുന്നത്. ഫെബ്രുവരി അഞ്ചിന് നീരവ് മോദിക്കും ഭാര്യ എമിക്കും സഹോദരന് നിഷാലിനും ഒരു ബിസിനസ് പങ്കാളിക്കുമെതിരെയാണ് 280.70 കോടിയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ സംഭവത്തില്‍ പത്ത് ജീവനക്കാരെ പിഎന്‍ബി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 11,500 കോടിയുടെ അനധികൃത തട്ടിപ്പ് ഇടപാട് വിവരം പുറത്തുവരുന്നത്.
കഴിഞ്ഞ ജനുവരി നാലിന് നീരവ് മോദിയുടെ കമ്പനി പുതിയ വായ്പക്കായി അപേക്ഷ നല്‍കിയതോടെയാണ് ഈ വമ്പന്‍ തട്ടിപ്പ് പുറത്തറിയുന്നത്. ഇറക്കുമതി ബില്ലുകളില്‍ പണം നല്‍കുന്നതിന് 280 കോടി രൂപയ്ക്ക് ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംങ്(എല്‍ഒയു) അനുവദിക്കണമെന്നായിരുന്നു നീരവ് മോദിയുടെ കമ്പനിയുടെ അപേക്ഷ.
സാധാരണനിലയില്‍ ഇത്തരം എല്‍ഒയുകള്‍ക്ക് പരിധിയോ ജാമ്യമായി ആസ്തികളോ നിക്ഷേപമോ തിരിച്ചടവ് രേഖകളോ കാണിക്കുക പതിവുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തങ്ങള്‍ക്ക് ബാങ്ക് സാമ്പത്തിക പരിധി വെച്ചിട്ടില്ലെന്നും തിരിച്ചടവ് രേഖകളൊന്നും കാണിക്കാതെ തന്നെ നേരത്തെ ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിംങ് അനുവദിച്ചിട്ടുണ്ടെന്നും നീരവ് മോദിയുടെ കമ്പനി അധികൃതകര്‍ അറിയിച്ചു. എന്നാല്‍ ബാങ്കിന്റെ ഔദ്യോഗിക രേഖകളിലൊന്നും തന്നെ ഇത്തരം ഇടപാടുകള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് തട്ടിപ്പിനുള്ള സാധ്യത തെളിയുന്നതും ജീവനക്കാരന് മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുന്നതും. പിഎന്‍ബി അധികൃതര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ തട്ടിപ്പ് തെളിഞ്ഞതോടെ സിബിഐക്ക് പരാതി നല്‍കുകയായിരുന്നു.
2017 മെയിലാണ് ഗോകുല്‍ നാഥ് ഷെട്ടിയെന്ന ഉദ്യോഗസ്ഥന് പിഎന്‍ബിയില്‍ നിന്നും വിരമിക്കുന്നത്. 2010 മുതല്‍ ഫോറിന് എക്സ്ചേഞ്ച് വിഭാഗത്തിലാണ് ഇയാള്‍ ജോലിയെടുത്തിരുന്നത്. മനോജ് കാരാട്ട് എന്ന ജീവനക്കാരനുമൊത്ത് ചേര്‍ന്ന് നീരവ് മോദിയുടെ കമ്പനിക്ക് ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിംങ് നിര്‍മ്മിച്ചു നല്‍കിയെന്നാണ് ആരോപണം. തട്ടിപ്പ് വെളിച്ചത്തുവരാതിരിക്കാന്‍ ഇത്തരം എല്‍ഒയുകള്‍ ബാങ്കിന്റെ ഔദ്യോഗികരേഖകളില്‍ രേഖപ്പെടുത്തിയിരുന്നില്ല.
2011 മുതല്‍ നീരവ് മോദിയുടെ കുടുംബവും ബിസിനസ് പങ്കാളികളും ഇത്തരം എല്‍ഒയുകള്‍ ഉപയോഗിച്ച് മറ്റു ബാങ്കുകളില്‍ നിന്നും വായ്പകള്‍ എടുക്കുകയും കൃത്യമായി അടക്കുകയും ചെയ്തിരുന്നു. നീരവ് മോദിയുടെ ഫയര്‍ സ്റ്റാര്‍ ഡയമണ്ട്സിന്റെ ഹോങ്കോങ് ശാഖയുമായി ബന്ധപ്പെട്ടാണ് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ വായ്പ അനുവദിച്ചത്. എല്‍ഒയു എന്നത് ഏതൊരു ബാങ്കിന്റേയും വിശ്വാസ്യ പത്രമാണ്. സ്വാഭാവികമായും കാര്യമായ അന്വേഷണം നടത്താതെ ബാങ്കുകള്‍ നീരവ് മോദിയെ പോലുള്ള ശതകോടീശ്വരനായ ഒരു ഉപഭോക്താവിന്റെ കമ്പനിക്ക് വായ്പകള്‍ അനുവദിച്ചു. എന്നാല്‍ ഈ ജനുവരി അവസാനത്തോടെ വായ്പ മുടങ്ങിയതോടെ ഈ ബാങ്കുകളുടെ ഹോങ്കോങ് ശാഖകള്‍ പിഎന്‍ബിയെ സമീപിച്ചു. എന്നാല്‍ ഈ എല്‍ഒയുകള്‍ക്ക് ബാങ്കിന് ഉത്തരവാദിത്വമില്ലെന്ന് പിഎന്‍ബി നിലപാട് സ്വീകരിച്ചതോടെ തട്ടിപ്പ് പുറത്തായി.