India
ഭുവനേശ്വറിന്റെ ചുവരുകളെ പെയിന്റടിക്കുന്ന രാധരണി, മാര്‍ബിള്‍ പതിക്കുന്ന സബിതഭുവനേശ്വറിന്റെ ചുവരുകളെ പെയിന്റടിക്കുന്ന രാധരണി, മാര്‍ബിള്‍ പതിക്കുന്ന സബിത
India

ഭുവനേശ്വറിന്റെ ചുവരുകളെ പെയിന്റടിക്കുന്ന രാധരണി, മാര്‍ബിള്‍ പതിക്കുന്ന സബിത

admin
|
17 May 2018 7:04 AM GMT

ഒഡിഷയിലെ ഭുവനേശ്വറിലുള്ള സാലിയ സാഹി എന്ന ചേരിയില്‍ ചെന്നാല്‍ രാധരണിയെ പരിചയപ്പെടാം

മറ്റേത് മേഖലയേയും പോലെ പുരുഷാധിപത്യത്തിന്റെ കാല്‍ക്കീഴിലാണ് എപ്പോഴും നിര്‍മ്മാണ മേഖലയും. കോണ്‍ട്രാക്ടര്‍ മുതല്‍ പെയിന്റിംഗ് തൊഴിലാളി വരെയുളളവരില്‍ കാണാം ഇയൊരു ആധിപത്യം. അവിടെ സ്ത്രീകള്‍ക്കെപ്പോഴും കല്ല് ചുമക്കലോ സിമന്റ് പകര്‍ത്തലോ ആയിരിക്കും ജോലി, അതും പുരുഷന്‍മാരെക്കാള്‍ വളരെ തുച്ഛമായ വേതനത്തില്‍. എന്നാല്‍ ഒഡിഷയിലേക്ക് ചെന്നാല്‍ കാര്യങ്ങള്‍ തകിടം മറിയും. വളയിട്ട കൈകള്‍ കൊണ്ട് ചുവരുകള്‍ പെയിന്റ് ചെയ്യുന്ന രാധരണിയേയും മാര്‍ബിള്‍ പണി ചെയ്യുന്ന സബിതയേയും കണ്ട് നമ്മള്‍ അന്തം വിടും. ഈ പണി ആണുങ്ങള്‍‌ക്ക് മാത്രമല്ല, തങ്ങള്‍ക്കും സാധിക്കുമെന്ന് തെളിയിക്കുകയാണ് ഇവര്‍.

ഒഡിഷയിലെ ഭുവനേശ്വറിലുള്ള സാലിയ സാഹി എന്ന ചേരിയില്‍ ചെന്നാല്‍ തലയില്‍ ഒരു കെട്ടും കൈകളില്‍ ബ്രഷും ശരീരമാകെ പെയിന്റില്‍ കുളിച്ചു നില്‍ക്കുന്ന 43കാരിയായ രാധരണിയെ കാണാം. ഉന്നതകുലജാത കൂടിയായ രാധരണിയുടെ ജോലി പെയിന്റിംഗാണ്. ആ പ്രദേശത്തെ വിദഗ്ദ്ധയായ പെയിന്റര്‍ കൂടിയായ രാധരണി അഞ്ച് സ്ത്രീകളടങ്ങുന്ന കണ്‍സ്ട്രക്ഷന്‍ ബിസിനസിനും നേതൃത്വം നല്‍കുന്നു. ഒരു പെണ്ണാണെന്ന് കരുതി ആരും രാധരണിയുടെ കഴിവിനെ വില കുറച്ച് കാണുന്നില്ല, മറിച്ച് അവരുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയെ ബഹുമാനിക്കുകയും ചെയ്യുന്നു. കൃത്യ സമയത്ത് ജോലി പൂര്‍ത്തിയാക്കുവാന്‍ എപ്പോഴും ബദ്ധശ്രദ്ധയാണ് രാധരണിയെന്നാണ് സമീപവാസികളുടെ അഭിപ്രായം. എല്ലാവരെയും പോലെ തുടക്കത്തില്‍ വളരെയധികം പ്രയാസങ്ങള്‍ രാധരണിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു സ്ത്രീക്ക് എങ്ങിനെ ഇത്തരം ജോലികള്‍ ചെയ്യാനാവുമെന്ന സംശയത്തില്‍ നിന്നും ഉടലെടുത്തതായിരുന്നു അതെല്ലാം. ആറ് വര്‍ഷം മുന്‍പ് ഒരു സര്‍ക്കാര്‍ ഗസ്റ്റ് ഹൌസിന്റെ കോണ്‍ട്രാക്ട് ലഭിച്ച രാധരണിയെ സ്ത്രീയാണെന്ന് പറഞ്ഞ് എന്‍ജിനിയര്‍ പുറത്താക്കാന്‍ ശ്രമിച്ചു. എന്നാല്‍ തലയില്‍ ഒരു കെട്ടും കെട്ടി പെയിന്റ് പണി പൂര്‍ത്തിയാക്കുകയാണ് രാധരണി ചെയ്തത്.

ഭര്‍ത്താവ് ശങ്കര്‍ പ്രധാനില്‍ നിന്നാണ് രാധരണി പെയിന്റിംഗ് പഠിക്കുന്നത്. തങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി തുടര്‍ന്ന് രാധരണിയും ബ്രഷ് കയ്യിലെടുക്കുകയായിരുന്നു. ഇപ്പോള്‍ ശങ്കറിനക്കാള്‍ മികച്ച പെയിന്ററാണ് താനെന്നാണ് രാധരണി തനിക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്. പെയിന്റിംഗ് നന്നായതോടെ കൂടുതല്‍ പണിയും പണവും ലഭിക്കാന്‍ തുടങ്ങി.

മാര്‍ബിള്‍ പണിക്കാരിയാണ് 45കാരിയായ സബിത സത്വാ. മാര്‍ബിള്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം സബിത രാപ്പകലില്ലാതെ പണി ചെയ്യുന്നു. മാര്‍ബിള്‍ പണിക്കാര്‍ക്ക് കൂടുതല്‍ വേതനം കിട്ടുന്നു, അതാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് സബിതയുടെ അഭിപ്രായം. പതിനഞ്ച് വര്‍ഷമായി സബിത ഈ രംഗത്തെത്തിയിട്ട്. ഇപ്പോള്‍ 400 രൂപ ദിവസ വേതനം വാങ്ങുന്ന തൊഴിലാളി കൂടിയാണ് സബിത.

സബിതയേയും രാധരണിയേയും കൂടാതെ നിര്‍മ്മാണ മേഖലയില്‍ വളരെ തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന് നിരവധി സ്ത്രീകളുണ്ട്. ഒഡിഷയെ സംബന്ധിച്ചിടത്തോളം ഒരോ വര്‍ഷവും 5000 പേരാണ് നിര്‍മ്മാണ മേഖലയിലേക്ക് തിരിയുന്നത്. ഭൂരിഭാഗവും മത്സ്യ മേഖലയില്‍ നിന്നുള്ളവരാണ്. മത്സ്യങ്ങളുടെ ലഭ്യത കുറയുന്നതാണ് പ്രധാന കാരണം. പുരുഷന്‍മാര്‍ക്ക് മികച്ച കൂലി ലഭിക്കാറുണ്ടെങ്കിലും സ്ത്രീകളുടെ കാര്യത്തില്‍ അത് കുറവാണ്.സ്റ്റേറ്റ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് തൊളിലാളികള്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് കാര്‍ഡ് കിട്ടുക. 2016 മാര്‍ച്ച് 31 വരെ 14,24,531 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Similar Posts