അമ്മയുടെ മണ്ഡലത്തില്‍ ചിന്നമ്മക്കെതിരെ പ്രതിഷേധം
|ജയലളിതയുടെ മണ്ഡലത്തില്‍ തന്നെ മല്‍സരിച്ച് ജയിച്ച് മുഖ്യമന്ത്രിയാകാനുള്ള നീക്കം ശശികല നടത്തുന്നതിനിടെയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകരെത്തിയത്.
ജയലളിതയുടെ മണ്ഡലമായ ആര് കെ നഗറില്‍ എഐഎഡിഎംകെ നേതാവ് ശശികലക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. ജയലളിതയുടെ മണ്ഡലത്തില്‍ തന്നെ മല്‍സരിച്ച് ജയിച്ച് മുഖ്യമന്ത്രിയാകാനുള്ള നീക്കം ശശികല നടത്തുന്നതിനിടെയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകരെത്തിയത്. ജയലളിത അന്തരിച്ച് ഒരു മാസം തികഞ്ഞ ഇന്നലെ ആര്‍കെ നഗറില്‍ ആദരാഞ്ജലി അര്‍പ്പിച്ച് നടത്തിയ മൗനജാഥയിക്കിടെയായിരുന്നു പ്രതിഷേധം.
ആര്‍കെ നഗറില്‍ ശശികല മത്സരിക്കണമെന്ന് എംഎല്‍എ വെട്രിവേല്‍ റാലിക്കിടെ പറഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. അമ്മയ്ക്ക് വേണ്ടിയാണ് തങ്ങള്‍ ഒത്തുകൂടിയതെന്നും ചിന്നമ്മയ്ക്ക് വേണ്ടിയല്ലെന്നും വനിത പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വിളിച്ചു പറഞ്ഞു. അവരോട് പറഞ്ഞേക്കൂ, ഞങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യാനാണ് വന്നതാണെന്ന് കരുതേണ്ടെന്ന് പ്രദേശവാസിയായ മുതിര്‍ന്ന പൌരന് കുപ്പു പറഞ്ഞു. 77 ദിവസമാണ് അമ്മ ആശുപത്രിയിലുണ്ടായിരുന്നത്. അവര്‍ അമ്മയെ കാണാന്‍ ആരെയെങ്കിലും അനുവദിച്ചോ എന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തക പദ്മയുടെ ചോദ്യം. മറ്റൊരു പ്രവര്‍ത്തകയായ രാജലക്ഷ്മി പറഞ്ഞത് അമ്മയുടെ സഹോദരപുത്രി ദീപ ജയകുമാറാണ് ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്നാണ്.
പ്രതിഷേധം പ്രതിപക്ഷമായ ഡിഎംകെയുടെ ഗൂഢാലോചനയാണെന്ന് എംഎല്‍എ വെട്രിവേല്‍ പ്രതികരിച്ചു. എന്നാല്‍ ജനവികാരം എതിരാണെന്ന് മനസിലാക്കിയ മുതിര്‍ന്ന എഐഎഡിഎംകെ നേതാക്കള്‍ ആര്‍കെ നഗറിന് പകരം മധുരയില്‍ നിന്ന് മത്സരിക്കാന്‍ ശശികലയോട് നിര്‍ദേശിച്ചിട്ടുണ്ട്.