മുത്തലാഖ് നൂറില്‍ ഒന്ന് മാത്രമെന്ന് സര്‍വ്വേ
|മുസ്ലിം വിവാഹ മോചനങ്ങളില്‍ കാല്‍ ഭാഗം മാത്രമേ പള്ളികളിലെ ഖാദിമാര്‍ വഴി നടക്കുന്നുള്ളൂ എന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം സമുദായത്തിനിടയില്‍ നടക്കുന്ന വിവാഹ മോചനങ്ങളില്‍ നൂറില്‍ ഒന്നിന് താഴെ മാത്രമേ മുത്തലാഖ് രീതിയില്‍ നടക്കുന്നുള്ളൂ എന്ന് സര്‍വ്വേ. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ റിസേര്‍ച്ച് ആന്‍റ് ഡിബേറ്റ്സ് ഇന്‍ ഡെവലെപ്മെന്‍റ് പോളിസിയാണ് സര്‍വ്വേ നടത്തിയത്. മുസ്ലിം വിവാഹ മോചനങ്ങളില്‍ കാല്‍ ഭാഗം മാത്രമേ പള്ളികളിലെ ഖാദിമാര്‍ വഴി നടക്കുന്നുള്ളൂ എന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു
മുത്തലാഖ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ സുപ്രിം കോടതി വാദം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് സെന്‍റര്‍ ഫോര്‍ റിസേര്‍ച്ച് ആന്‍റ് ഡിബേറ്റ്സ് ഇന്‍ ഡെവലെപ്മെന്‍റ് പോളിസി സര്‍വ്വേയുടെ ഫലം പുറത്ത് വിട്ടത്. രാജ്യമെമ്പാടുമുള്ള 16860 പുരുഷന്മാരിലും,3811 സ്ത്രീകളിലും നടത്തിയ സര്‍വ്വേ ഫലം തെളിയിക്കുന്നത്, മുസ്ലിം സമുദായത്തില്‍ നടക്കുന്ന ആകെ വിവാഹ മോചനങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് മുത്തലാഖിലൂടെ നടക്കുന്നത് എന്നതാണ്. സര്‍വ്വേയോട് പ്രതികരിച്ചവര്‍ റിപ്പോര്‍ട്ട് ചെയ്ത 331 ത്വലാഖുകളില്‍ ഒരു മുത്തലാഖ് മാത്രമേ ഉള്ളൂ. അതായത് ആകെയുള്ളതിന്‍റെ 0.3 ശതമാനം മാത്രം. സര്‍വ്വേയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ത്വലാഖുകളില്‍ നാലില്‍ ഒന്ന് മാത്രമേ ഖാളിമാര്‍ വഴി നടക്കുന്നുള്ളൂ. ബാക്കിയെല്ലാം കുടുംബ കോടതി വഴിയുള്ള വിവാഹ മോചനങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുത്തലാഖ് മുസ്ലിം സമുദായത്തില്‍ വളരെ വിരളമായി മാത്രമേ നടക്കുന്നുള്ളൂ എന്ന് കഴിഞ്ഞ ദിവസം വാദത്തിനിടെ ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രിം കോടതിയില്‍ വാദിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് സര്‍വ്വേ ഫലം.