പ്രിയ മോദി, അന്ന് ഇറ്റാലിയന്‍ നാവികരെ കുറിച്ച് പറഞ്ഞതൊക്കെ ഓര്‍മയുണ്ടോ ?
|കടല്‍ക്കൊലക്കേസിലെ പ്രതി ഇറ്റാലിയന്‍ നാവികന്‍ സാല്‍വദോറ ഗിറോണിന് ഇറ്റലിയിലേക്ക് മടങ്ങാമെന്ന് സുപ്രിംകോടതി വിധിച്ചിരിക്കുന്നു.
കടല്‍ക്കൊലക്കേസിലെ പ്രതി ഇറ്റാലിയന്‍ നാവികന്‍ സാല്‍വദോറ ഗിറോണിന് ഇറ്റലിയിലേക്ക് മടങ്ങാമെന്ന് സുപ്രിംകോടതി വിധിച്ചിരിക്കുന്നു. ഈ വിധിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്തില്ല. അന്താരാഷ്ട്ര കോടതിയിലെ കേസ് ഇന്ത്യക്ക് അനുകൂലമാവുകയാണെങ്കില്‍ നാവികനെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരണമെന്ന ഉറപ്പ് ഇറ്റലി എഴുതി നല്‍കണമെന്നതാണ് കോടതി മുന്നോട്ട് വെച്ച പ്രധാന ഉപാധി. ഈ തീരുമാനങ്ങളെല്ലാം നയതന്ത്രത്തിന്റെ ഭാഗമായിരിക്കാം. എന്നാല്‍ കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനു മുമ്പ്, ഇറ്റാലിയന്‍ നാവികര്‍ നടത്തിയ നരനായാട്ടിനെ കുറിച്ചും അവര്‍ക്കെതിരെ സോണിയ ഗാന്ധിയും യുപിഎ സര്‍ക്കാരും സ്വീകരിച്ച നിലപാടിനെയും വിമര്‍ശിച്ച് അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന മോദി പറഞ്ഞതൊക്കെ ട്വിറ്ററില്‍ മായാതെ കിടക്കുന്നുണ്ടെന്ന കാര്യം അദ്ദേഹം മറന്നിട്ടുണ്ടാകുമെന്നാണ് സോഷ്യല്‍മീഡിയ ഉയര്‍ത്തുന്ന പ്രധാന പരിഹാസം.
കൃത്യമായി പറഞ്ഞാല്‍ 2014 മാര്‍ച്ച് 31 ന് മോദി ട്വീറ്റ് ചെയ്ത കുറിപ്പിന്റെ പരിഭാഷ ഇങ്ങനെയാണ്: നമ്മുടെ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ നിര്‍ദയം കൊലപ്പെടുത്തി. മാഡം രാജ്യസ്‍നേഹിയാണെങ്കില്‍ ഈ നാവികരെ ഏതു ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് പറഞ്ഞുതരാന്‍ കഴിയമോ ? സോണിയ ഗാന്ധി ഇറ്റലിക്കാരി ആയതുകൊണ്ട് നാവികരെ രക്ഷപെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു അക്കാലത്ത് മോദി നേതൃത്വത്തിന്റെ പ്രധാന ആരോപണവും യുപിഎ സര്‍ക്കാരിനെതിരായ സുപ്രധാന രാഷ്ട്രീയ ആയുധവും. എന്നാല്‍ യുപിഎ സര്‍ക്കാര്‍ ഒരു നാവികനെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിച്ച അതേ നിലപാട് തന്നെയല്ലേ മോദി സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് സോഷ്യല്‍മീഡിയയില്‍ ചോദ്യം ഉയരുന്നു. വാക്കും പ്രവൃത്തിയും രണ്ടാണെന്നാണ് മോദിയെ കുറിച്ചുള്ള പ്രധാന ആക്ഷേപം. നേരത്തെ അന്താരാഷ്ട്ര കോടതിയില്‍ സാല്‍വദോറ ഗിറോണിന്റെ മോചനത്തെ ഇന്ത്യ എതിര്‍ത്തിരുന്നില്ല. സമാന നിലപാടാണ് ഇന്നും സുപ്രിം കോടതിയിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഗിറോണിന്റെ മോചനത്തോടെ കടല്‍ക്കൊലക്കേസിലെ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കും ഇന്ത്യ വിടാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. കേസിലെ മറ്റൊരു പ്രതിയായ മസിമിലാനോ ലത്തൂറെയെ കഴിഞ്ഞ സെപ്തംബറില്‍ ചികിത്സാവശ്യാര്‍ത്ഥം ഇറ്റിയിലേക്ക് പോകാന്‍ സുപ്രിം കോടതി അനുവദിച്ചിരുന്നു.