India
ശനിയാഴ്ച പൊലീസ് സമരം; കര്‍ണാടക പൊലീസ് അസോസിയേഷന്‍ നേതാവ് അറസ്റ്റില്‍ശനിയാഴ്ച പൊലീസ് സമരം; കര്‍ണാടക പൊലീസ് അസോസിയേഷന്‍ നേതാവ് അറസ്റ്റില്‍
India

ശനിയാഴ്ച പൊലീസ് സമരം; കര്‍ണാടക പൊലീസ് അസോസിയേഷന്‍ നേതാവ് അറസ്റ്റില്‍

admin
|
17 May 2018 6:14 AM GMT

ജൂണ്‍ നാലിന് സംസ്ഥാന വ്യാപക സമരത്തിന് കര്‍ണാടക പൊലീസ് തയാറെടുക്കുന്നതിനിടെ പൊലീസ് അസോസിയേഷന്‍‌ നേതാവ് ശശിധര്‍ വേണുഗോപാല്‍ അറസ്റ്റില്‍.

ശമ്പള വര്‍ധവ് ആവശ്യപ്പെട്ടും മേലുദ്യോഗസ്ഥരുടെ നിരന്തര പീഡനത്തിലും പ്രതിഷേധിച്ച് ജൂണ്‍ നാലിന് സംസ്ഥാന വ്യാപക സമരത്തിന് കര്‍ണാടക പൊലീസ് തയാറെടുക്കുന്നതിനിടെ പൊലീസ് അസോസിയേഷന്‍‌ നേതാവ് ശശിധര്‍ വേണുഗോപാല്‍ അറസ്റ്റില്‍. ശനിയാഴ്ച ദിവസം അവധിയെടുത്ത് ജോലിയില്‍ നിന്ന് മാറിനില്‍ക്കാനാണ് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടനയായ അഖില കര്‍ണാടക പൊലീസ് മഹാസംഘത്തിന്റെ തീരുമാനം. വേണുഗോപാലാണ് സംഘടനയുടെ സ്ഥാപകനും നേതാവും. വേണുഗോപാലിനെ അറസ്റ്റ് ചെയ്ത പൊലീസ്, അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി. 15 ദിവസത്തേക്ക് വേണുഗോപാലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അറസ്റ്റ് നടക്കുന്ന സമയത്ത് 30 ലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ വേണുഗോപാലിന്റെ വീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കംപ്യൂട്ടറും ലാപ്‍ടോപ്പും മൊബൈല്‍ ഫോണും മറ്റു ചില രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാന പൊലീസ് സേനയിലെ അന്‍പതിനായിരത്തോളം പൊലീസുദ്യോഗസ്ഥര്‍ ശനിയാഴ്ച ദിവസം അവധിയെടുക്കാനായി അപേക്ഷിച്ചിരുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി നടക്കുന്ന ഈ സമരം വിജയകരമാക്കുന്ന പക്ഷം അത് സംസ്ഥാന സര്‍ക്കാരിന് വലിയ അപമാനമായിരിക്കുന്ന തിരിച്ചറിവില്‍ സമരം എങ്ങനേയും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍. 85,000ത്തോളം അംഗങ്ങളുള്ള കര്‍ണാടക പൊലീസ് സേനയിലെ 65,000ത്തിലധികം പേര്‍ കോണ്‍സ്റ്റബിള്‍ റാങ്കില്‍പ്പെട്ടവരാണ്. വലിയ ജോലിഭാരവും, കടുത്ത സമ്മര്‍ദ്ദങ്ങളും നേരിടുന്ന കോണ്‍സ്റ്റബിള്‍ റാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത് പക്ഷേ വളരെ തുച്ഛമായ ശമ്പളമാണ്. മേലുദ്യോഗസ്ഥരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും തികച്ചും മോശം പെരുമാറ്റമാണ് തങ്ങള്‍ക്ക് എപ്പോഴും നേരിടേണ്ടി വരുന്നതെന്നും, സമീപ സംസ്ഥാനങ്ങളിലെ പൊലീസുദ്യോഗസ്ഥരുമായി താരത്മ്യം ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം വളരെ കുറവാണെന്നും ഇവര്‍ പരാതിപ്പെടുന്നു.

Similar Posts