കര്‍ണാടക മോട്ടോര്‍ വാഹന നിയമ ഭേദഗതി ഹൈക്കോടതി റദ്ദാക്കി
|ഇതര സംസ്ഥാന വാഹന നികുതിയുമായി ബന്ധപ്പെട്ടതായിരുന്നു ഭേദഗതി. ഉടമകളില്‍ നിന്ന് ആജീവനാന്ത നികുതി പിരിക്കാനായിരുന്നു....
ഇതര സംസ്ഥാന വാഹന നികുതിയുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി ഹൈക്കോടതി ഡിവിഷന് ബഞ്ച് റദ്ദാക്കി. ജസ്റ്റിസുമാരായ ജയന്ത് പട്ടേല്‍, നാഗരത്ന എന്നിവരടങ്ങിയ ബഞ്ചാണ് ഭേദഗതി റദ്ദാക്കിയത്.
ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ കര്‍ണാടകയില്‍ സര്‍വീസ് നടത്തുന്നതിന് സര്‍ക്കാരിലേയ്ക്ക് ഒറ്റത്തവണ നികുതി നല്‍കണമെന്ന നിയമ ഭേദഗതിയാണ് കര്‍ണാടക സര്‍ക്കാര്‍ 2014ല്‍ കൊണ്ടുവന്നത്. ഒരു മാസത്തില്‍ കൂടുതല്‍ കര്‍ണാടകയിലുണ്ടാകുന്ന വാഹനങ്ങള്‍ സര്‍ക്കാരിലേയ്ക്ക് ഭീമമായ തുക നികുതി നല്‍കണമെന്ന നിയമ ഭേദഗതിയ്ക്കെതിരെ ആദ്യംമുതല്‍ തന്നെ പ്രതിഷേധവും വ്യാപകമായിരുന്നു. ഈ രീതിയില്‍ കര്‍ണാടകയില്‍ സര്‍വീസ് നടക്കുന്ന വാഹനങ്ങളുടെ ഉടമകളില്‍ നിന്ന് ഭീമമായ തുക പിഴയായും ഈടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടകയിലെ വിവിധ കൂട്ടായ്മകള്‍ ചേര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
രണ്ടുമാസം മുന്‍പ് കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് സര്‍ക്കാരിന്റെ നിയമ ഭേദഗതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബഞ്ചിന്റെ വിധി അതുപോലെ നിലനിര്‍ത്താനാണ് ഡിവിഷന് ബഞ്ച് ഉത്തരവിട്ടത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളതു പോലെ വാഹന നികുതി മാത്രമെ കര്‍ണാടകയിലും ഈടാക്കാന്‍ പാടുള്ളു എന്നാണ് ഡിവിഷന് ബഞ്ചിന്റെ വിധി. ഏതെങ്കിലും ഒരു സംസ്ഥാനത്ത് നികുതി അടയ്ക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് രാജ്യത്തെവിടെയും പ്രത്യേക നികുതിയില്ലാതെ വാഹനം ഓടിയ്ക്കാമെന്നതാണ് നിലവിലെ നിയമം. ഈ നിയമത്തിനായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്.