India
ഫീസ് അടച്ചില്ല; ആറാം ക്ലാസ് വിദ്യാര്‍ഥിയെ അടിച്ചുകൊന്നുഫീസ് അടച്ചില്ല; ആറാം ക്ലാസ് വിദ്യാര്‍ഥിയെ അടിച്ചുകൊന്നു
India

ഫീസ് അടച്ചില്ല; ആറാം ക്ലാസ് വിദ്യാര്‍ഥിയെ അടിച്ചുകൊന്നു

Alwyn K Jose
|
18 May 2018 4:35 AM GMT

ഫീസ് അടക്കാന്‍ വൈകിയതിന്റെ പേരില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ അടിച്ചുകൊന്നതായി പരാതി.

ഫീസ് അടക്കാന്‍ വൈകിയതിന്റെ പേരില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ അടിച്ചുകൊന്നതായി പരാതി. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. കൃത്യസമയത്ത് ഫീസ് അടക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാത്തതാണ് ദാരുണ അന്ത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സുരേഷ് തോങ്ബ്രാം എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ സ്‍കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണകാരണം അസ്വാഭാവികം എന്ന് വ്യക്തമായാല്‍ ആരോപണ വിധേയരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ലംഗോളിലെ റസിഡന്‍ഷ്യല്‍ കിഡ്സ് കെയര്‍ സ്‍കൂള്‍ അധികൃതരാണ് ആരോപണ വിധേയര്‍. രണ്ടു വര്‍ഷം മുമ്പാണ് സുരേഷിനെ ഈ സ്‍കൂളില്‍ ചേര്‍ത്തത്. ദരിദ്രമായ ജീവിത സാഹചര്യത്തില്‍ നിന്നു വരുന്ന സുരേഷിന്റെ സ്‍കൂള്‍, ഹോസ്റ്റല്‍ ഫീസ് കൃത്യസമയത്ത് അടക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് കുട്ടിയുടെ പിതാവ് ബിരാ തോങ്ബ്രാം പറഞ്ഞു. ഫീസ് അടച്ചില്ലെങ്കില്‍ സുരേഷിനെ സ്‍കൂളില്‍ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബിരാ പറഞ്ഞു. മറ്റു വഴിയില്ലാതെ കുട്ടിയുടെ ടിസി വാങ്ങാന്‍ എത്തിയപ്പോള്‍ കുടിശ്ശിക ഫീസ് അടക്കാതെ മറ്റൊരു സ്‍കൂളിലേക്ക് മാറാന്‍ കഴിയില്ലെന്ന് അധികൃതര്‍ വാശിപിടിച്ചു. വെള്ളിയാഴ്ച രാത്രി തന്റെ മകനെ വിളിച്ചുകൊണ്ടുപോയ സ്കൂള്‍ അധികൃതര്‍ സുരേഷിനെ ക്രൂരമായി മര്‍ദിച്ചുവെന്നും ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ അടയാളങ്ങള്‍ കണ്ടുവെന്നും ബിരാ പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച വീട്ടിലെത്തുന്നതിനു മുമ്പ് കുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പിതാവ് പറഞ്ഞു.

Similar Posts