വീട്ടില്‍ ഗോമാംസം സൂക്ഷിച്ചെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ദലിത് കുടുംബത്തിന് ക്രൂരമര്‍ദനം
|കര്‍ണാടക ചിക്കമഗളൂരു കൊപ്പയിലായിരുന്നു സംഭവം.
വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് കര്‍ണാടകയിലെ കൊപ്പയില്‍ ദലിത് കുടുംബത്തിന് ബജ്‍രംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. കഴിഞ്ഞ സെപ്തംബറില്‍ ദാദ്രിയില്‍ സമാന ആരോപണം ഉന്നയിച്ച് സൈനികന്റെ പിതാവിനെ ജനക്കൂട്ടം അടിച്ചുകൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് കര്‍ണാടകയിലും അക്രമം അരങ്ങേറിയത്.
കര്‍ണാടക ചിക്കമഗളൂരു കൊപ്പയിലായിരുന്നു സംഭവം. ബജറംഗ്ദള്‍ പ്രവര്‍ത്തകരാണ് ദലിത് കുടുംബത്തെ ആക്രമിച്ചത്. കൊപ്പ സ്വദേശി ബാല്‍രാജിനും കുടുംബത്തിലെ മറ്റു നാലു പേര്‍ക്കുമാണ് ക്രൂരമര്‍ദനമേല്‍ക്കേണ്ടിവന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ബാല്‍രാജിന്റെ വീട്ടിലേക്ക് 40 ഓളം ബജ്‍രംഗ് ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. വീട്ടില്‍ പശുവിന്റെ ഇറച്ചി സൂക്ഷിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം. 53 കാരനായ ബാല്‍രാജിനെ അക്രമിസംഘം വടികൊണ്ട് ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തില്‍ ബാല്‍രാജിന്റെ കാലുകള്‍ ഒടിഞ്ഞു. കണ്ടാലറിയുന്ന 40 ഓളം ബജ്‍രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.