കാവേരി നദീജല തര്‍ക്കം: കര്‍ണാടക - തമിഴ്നാട് സംയുക്ത യോഗം നാളെ
|കാവേരി നദീജല തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച കര്‍ണാടക - തമിഴ്നാട് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം നാളെ ചേരും.
കാവേരി നദീജല തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച കര്‍ണാടക - തമിഴ്നാട് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം നാളെ ചേരും. വിഷയം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭാ യോഗവും സര്‍വ്വ കക്ഷി യോഗവും വിളിച്ചു ചേര്‍ത്തു. തമിഴ്നാടിന് ജലം വിട്ടു നല്‍കരുതെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് തമിഴ്നാടിന് സെക്കന്റില്‍ 6000 ഘനയടി ജലം വീതം വിട്ടു നല്‍കണമെന്ന സുപ്രിംകോടതി വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് സിദ്ധരാമയ്യ സര്‍വകക്ഷി യോഗം വിളിച്ചത്. തമിഴ്നാടിന് വെള്ളം വിട്ടു നല്‍കരുതെന്ന് യോഗത്തില്‍ ബിജെപിയും ജനതാദളും ആവശ്യപ്പെട്ടു. കോടതിയലക്ഷ്യമാകാതെ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യം ഇന്ന് തന്നെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും. സുപ്രിംകോടതി വിധി നടപ്പാക്കാനാകില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രശ്ന പരിഹാരത്തിന് സുപ്രിംകോടതി നിര്‍ദേശപ്രകാരം അറ്റോര്‍ണി ജനറല്‍ വിളിച്ചു ചേര്‍ത്ത ഇരു സംസ്ഥാനങ്ങളുടെയും സംയുക്തയോഗം നാളെ നടക്കും. യോഗത്തില്‍ പങ്കെടുക്കുമെന്ന് സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. അനാരോഗ്യം മൂലം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വിട്ടുനില്‍കും. പകരം പൊതുമരാമത്ത് മന്ത്രി പളനി സ്വാമി പങ്കെടുക്കും. സുപ്രിംകോടതി വിധി വന്നതിനെ തുടര്‍ന്ന് കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബംഗ്ലൂരുവില്‍ നിരോധനാജ്ഞ തുടരുകയാണ്. കേസ് സുപ്രിംകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.