ആദിത്യനാഥിന്റെ യുപി മുഖ്യമന്ത്രിയായുള്ള നിയമനം: അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ
|തീപ്പൊരി നേതാവെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായുള്ള യോഗി ആദിത്യനാഥിന്റെ നിയമനം ഏവരെയും അമ്പരപ്പിച്ചിരുന്നു. വിവാദ നായകനായി എല്ലായ്‌പ്പോഴും അറിയപ്പെടുന്ന അദ്ദേഹത്തെപ്പോലൊരാള്‍ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കിയാല്‍ എന്താകുമെന്ന അവസ്ഥയാണ് പ്രതിപക്ഷ പാര്‍ട്ടികളടക്കം പങ്കുവെച്ചത്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഉദാഹരണമാണ് യോഗിയുടെ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പെന്നായിരുന്നു പ്രതിപക്ഷ ആരോപണം. സമാനമായ കാഴ്ചപ്പാട് തന്നെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.
തീപ്പൊരി നേതാവെന്നാണ് പല മാധ്യമങ്ങളും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഹിന്ദുആത്മീയ നേതാവും തീപ്പൊരി പ്രാസംഗികനുമായ യോഗി ആദിത്യനാഥിനെ യ.പി മുഖ്യമന്ത്രിയായി തെരഞ്ഞടുത്തുവെന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. നിരന്തരമായി മുസ്‌ലിം വിരുദ്ധ വികാരം പ്രകടിപ്പിക്കുന്നയാളാണ് യോഗിയെന്നും പല രാഷ്ട്രീയ പാര്‍ട്ടികളിലും പ്രതിഷേധത്തിനിടയാക്കിയ നിയമനമാണിതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന പറഞ്ഞ യോഗിയുടെ പ്രസ്താവനയും പത്രം ഉദ്ധരിക്കുന്നു.
യോഗി ആതിഥ്യനാഥിന്റെ നിയമനം സംബന്ധിച്ച വിവാദങ്ങളാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചതും ബി.ജെ.പി എം.പിയുടെ പ്രതിരോധവും ബി.ബി.സി വാര്‍ത്തയാക്കുന്നു. മുസ്‌ലിം വിരുദ്ധ വികാരം ജനിപ്പിച്ച് വര്‍ഗീയധ്രൂവീകരണമാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പ്രസ്താവനയും റിപ്പോര്‍ട്ടിലുണ്ട്.
തീപ്പൊരി നേതാവ് എന്നാണ് അല്‍ജസീറയും വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മുസ്ലിം വിരുദ്ധ നിലപാടുകളാണ് അല്‍ജസീറ ഹൈലൈറ്റ് ചെയ്യുന്നത്. മുസ്‌ലിംങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ട്രംപിന്റെ നയത്തെ യോഗി ആദിത്യനാഥ് പ്രശംസിച്ച കാര്യവും അല്‍ജസീറയുടെ റിപ്പോര്‍ട്ടിലുണ്ട്. ഗോ സംരക്ഷണത്തെക്കുറിച്ചും യോഗയെ എതിര്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ ഒന്നെങ്കില്‍ കടലില്‍ ചാടണമെന്നും അല്ലെങ്കില്‍ രാജ്യം വിട്ടുപോകണമെന്ന പ്രസ്താവനയും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബി.ജെ.പിയിലെ പരുക്കന്‍ നേതാവായ യോഗിയുടെ മുഖ്യമന്ത്രിസ്ഥാനത്തേക്കുളള നിയമനം അവരുടെ ഹിന്ദുത്വ മുഖമാണ് അനാവൃതമാക്കിയതെന്നാണ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.