India
സത്യത്തില്‍ മോദിയാണോ, സിംഗാണോ വിദേശയാത്രയില്‍ മുന്നില്‍?സത്യത്തില്‍ മോദിയാണോ, സിംഗാണോ വിദേശയാത്രയില്‍ മുന്നില്‍?
India

സത്യത്തില്‍ മോദിയാണോ, സിംഗാണോ വിദേശയാത്രയില്‍ മുന്നില്‍?

Khasida
|
19 May 2018 8:27 PM GMT

അമിത്ഷായുടെ പ്രസ്താവന നുണയെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ്

നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ വിദേശയാത്രകള്‍ കൂടുതല്‍ നടത്തിയത് മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗാണെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന. ഹിമാചല്‍ പ്രദേശില്‍ പാലംപൂരിലെ ഒരു ചടങ്ങിനിടെയായിരുന്നു ഇത്. ''മന്‍മോഹന്‍ സിംഗ് സന്ദര്‍ശിച്ചതിനേക്കാള്‍ കുറവ് രാജ്യങ്ങളേ മോദി സന്ദര്‍ശിച്ചുള്ളൂ. എന്നാല്‍, വ്യത്യാസമിതാണ്. സിംഗ് പോയതും വന്നതുമൊന്നും ആരും ശ്രദ്ധിച്ചില്ലെ.' ന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന. ഇതിന് രേഖകളുണ്ടെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അമിത്ഷാ പറഞ്ഞത് മുഴുവന്‍ നുണയായിരുന്നു എന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് തെളിയിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2004 നും 2014 നും ഇടയില്‍ പ്രധാനമന്ത്രി പദത്തിലിരുന്ന മന്‍മോഹന്‍ സിംഗ് 303 ദിവസങ്ങള്‍ ചെലവഴിച്ച് 80 വിദേശയാത്രകളാണ് ആകെ നടത്തിയത്. ഇതില്‍ 2005, 2009, 2011, 2013 വര്‍ഷങ്ങളില്‍ 10 വിദേശയാത്രകള്‍ വീതവും ബാക്കിയുള്ള വര്‍ഷങ്ങളില്‍ 2012ലും 2014 ലും അഞ്ചില്‍ കുറവ് യാത്രകളുമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഇതില്‍ തന്നെ 2014 ല്‍ ഒരൊറ്റ വിദേശരാജ്യം മാത്രമാണ് അദ്ദേഹം സന്ദര്‍ശിച്ചത്

2005, 2009, 2010, 2011, 2013 എന്നീ വര്‍ഷങ്ങളി‍ല്‍ നടത്തിയ ശരാശരി 10 യാത്രകള്‍ക്കായി ചെലവഴിച്ചതാകട്ടെ 30 ദിവസങ്ങള്‍. അതായത്, ശരാശരി, ഓരോ വിദേശ യാത്രയ്ക്കും എടുത്തത് 3.8 ദിവസം. എന്നാല്‍ രണ്ടു കാലയളവുകളും താരതമ്യം ചെയ്യുമ്പോള്‍, (2004-2009), (2009-14) രണ്ടാമത്തെ കാലയളവിലാണ് മന്‍മോഹന്‍സിംഗ് കൂടുതല്‍ തവണ യാത്രകള്‍ നടത്തിയിട്ടുള്ളത്.

എന്നാല്‍ ഈ കണക്കുകള്‍ അധികാരത്തില്‍ മൂന്ന് വര്‍ഷം പിന്നിട്ട മോദി നടത്തിയ വിദേശയാത്രകളുമായി തട്ടിച്ചുനോക്കുമ്പോള്‍ അമിത് ഷായുടെ വാദം കളവാണെന്ന് തെളിയിക്കുന്നു. മോദിയേക്കാള്‍ കൂടുതല്‍ യാത്രകള്‍ സിംഗ് നടത്തിയിട്ടില്ലെന്ന് മാത്രമല്ല, യഥാര്‍ത്ഥത്തില്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടത്തിയ വിദേശയാത്രകളേക്കാള്‍ എത്രയോ അധികമാണ് വെറും 3 വര്‍ഷത്തിനുള്ളില്‍ മോദി നടത്തിയതെന്ന് ചുരുക്കം. മന്‍മോഹന്‍സിംഗ് ആദ്യ മൂന്നുവര്‍ഷത്തിനുള്ളില്‍ നടത്തിയ യാത്രയേക്കാള്‍ എത്രയോ അധികം വിദേശ യാത്രകള്‍ മോദി 2015 ല്‍ മാത്രം നടത്തിക്കഴിഞ്ഞു. 132 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന 54 വിദേശയാത്രകളാണ് അദ്ദേഹം ഇതുവരെ നടത്തിയത്. 2014 ല്‍ ഒന്‍പത് വിദേശ യാത്രകള്‍, 2015 ല്‍ 27 വിദേശയാത്രകള്‍, 2016 ല്‍ 18 വിദേശയാത്രകള്‍. 2014 ലെ യാത്രകള്‍ 32 ദിവസം നീണ്ടുനിന്നു. 2015 ലെ യാത്രകള്‍ 64 ദിവസവും 2016 ലെ യാത്രകള്‍ 18 ദിവസങ്ങളും നീണ്ടുനിന്നു. അതായത് ഓരോ യാത്രയും ശരാശരി 2.5 ദിവസങ്ങള്‍ നീണ്ടുനിന്നു. നരേന്ദ്ര മോദിയുടെ ഓരോ യാത്രയുടേയും ശരാശരി ദൈര്‍ഘ്യം മന്‍മോഹന്‍ സിംഗിന്റേതിനേക്കാള്‍ കുറവാണെന്നതാണ് മറ്റൊരു കാര്യം.

വിദേശയാത്രകള്‍ നടത്തി ലോകനേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് നടക്കുകയാണ് മോദിയെന്നാണ് പരക്കെയുള്ള ആക്ഷേപം. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഒഴിവാക്കി വിദേശകാര്യ മന്ത്രാലയം മോദി ഒറ്റക്ക് കൈകാര്യം ചെയ്യുകയാണെന്നും വിമര്‍ശമുണ്ട്. ഇതിന് മറുപടിയായിട്ടായിരുന്നു അമിത്ഷായുടെ പ്രസ്താവന. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദി 27 യാത്രകളില്‍ 43 രാജ്യങ്ങളാണ് സന്ദര്‍ശിച്ചതെന്നും അദ്ദേഹം അവസാനമായി പോയ വിദേശരാജ്യം ജപ്പാനിലെ ടോക്കിയോ ആണെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. സന്ദര്‍ശനത്തിലൂടെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയും നയതന്ത്രതലത്തില്‍ പുതിയ നീക്കങ്ങള്‍ നടത്തുകയുമാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്നായിരുന്നു ബിജെപിയുടെ അവകാശവാദം.

വിവാദങ്ങള്‍ക്കിടയില്‍ മോദിയുടെ അടുത്ത വിദേശ യാത്ര ഇസ്രായേലിലേക്കാണ്. രണ്ട് മാസത്തിനുള്ളില്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന മോദി ഈ വര്‍ഷം തന്നെ അമേരിക്കയും സന്ദര്‍ശിക്കും.

Related Tags :
Similar Posts