ഷാങ്ഹായ് കോര്‍പ്പറേഷനില്‍ ഇന്ത്യയും പാകിസ്താനും അടുത്ത മാസം 15ന് സ്ഥിരാംഗങ്ങളാകും
|ബീജിംഗില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും ഇരു രാജ്യങ്ങളും കൂട്ടായ്മയില്‍ ഔദ്യോഗികമായി ചേരുക
ഷാങ്ഹായ് കോര്‍പ്പറേഷനില്‍ ഇന്ത്യയും പാകിസ്താനും അടുത്ത മാസം 15ന് സ്ഥിരാംഗങ്ങളാകും. ബീജിംഗില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും ഇരു രാജ്യങ്ങളും കൂട്ടായ്മയില്‍ ഔദ്യോഗികമായി ചേരുക. പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ മോശമാകുന്ന സാഹചര്യത്തിലും ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയില്‍ നിന്ന് വിട്ട് നിന്നതിന് തൊട്ട് പിന്നാലെയുമാണ് ചൈന നേതൃത്വം കൊടുക്കുന്ന ഷാങ്ഹായ കോര്‍പ്പറേഷനില്‍ ഇന്ത്യ സ്ഥിരാംഗമാകുന്നത്.
ചൈന,റഷ്യ, കസാക്കിസ്ഥാന്‍,ഉസ്ബെക്കിസ്ഥാന്‍,തജിക്കിസ്ഥാന്‍,കിര്‍ഗിസ്ഥാന്‍ എന്നീ യുറേഷ്യന്‍ രാജ്യങ്ങള്‍ അംഗങ്ങളായിട്ടുള്ള ഷാങ്ഹായ് കോര്‍പ്പറേഷനില്‍ സ്ഥിരംഗമാകുന്നതിനുള്ള ധാരണാ പത്രത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത്. ജൂണ്‍ പതിനഞ്ചിന് ബീജിംഗില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇരു രാജ്യങ്ങളും സ്ഥിരാംഗങ്ങളാകും. യുറേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ സൈനിക,വ്യാപര ബന്ധങ്ങള്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതാണ് ഷാങ്ഹായ് കോര്‍പ്പറേഷന്റെ ദൌത്യം. നേരത്തെ തീരുമാനിച്ചതാണെങ്കിലും കോര്‍പ്പറേഷനില്‍ ഇന്ത്യയും പാകിസ്താനും സ്ഥിരാംഗങ്ങളാകുന്ന സമയം അതീവ നിര്‍ണ്ണായകമാണ്. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ ആക്രമണങ്ങളെച്ചൊല്ലിയും, അതിര്‍ത്തിയിലെ സൈനിക ഏറ്റുമുട്ടലുകളൊച്ചൊല്ലിയും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണ്. വിഷയത്തില്‍ ഇന്ത്യ നടത്തിയ അന്താരാഷ്ട്ര ഇടപെടലുകളില്‍ പാകിസ്താനെ പിന്തുണക്കുന്ന സമീപനം ചൈന സ്വീകരിക്കുന്നതില്‍ ഇന്ത്യക്ക് അതൃപ്തിയുണ്ട്. ചൈനയുടെ സ്വപ്ന പദ്ധതിയായ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയില്‍ നിന്ന് ഇന്ത്യ വിട്ട് നിന്നതും പാക്കിസ്ഥാനുമായുള്ള ചൈനീസ് സഹകരണത്തിന്‍റെ പേരിലായിരുന്നു. ഇത്തരത്തില്‍ രണ്ട് അയല്‍ രാജ്യങ്ങളുമായും നിലനില്‍ക്കുന്ന നയതന്ത്ര പ്രശ്നങ്ങള്‍ക്കിടെയാണ് ഷാങ്ഹായ് കോര്‍പ്പറേഷനിലെക്കുള്ള ഇന്ത്യയുടെ പ്രവേശം. കോര്‍പ്പറേഷനിലെ സഹകരണം രാജ്യങ്ങള്‍ക്കിടയിലെ ഭിന്നതകളില്‍ അയവുണ്ടാക്കുമോ എന്നതാണ് നയതന്ത്ര നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.