ബിനാമി ബന്ധത്തിലൂടെ കാര്‍ത്തി ചിദംബരം അനധികൃത സ്വത്ത് സമ്പാദിച്ചതിന് തെളിവ്
|യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര, ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്ത പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ബിനാമികളെ വച്ച് അനധികൃത സ്വത്ത് സമ്പാദനം നടത്തി
യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര, ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്ത പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ബിനാമികളെ വച്ച് അനധികൃത സ്വത്ത് സമ്പാദനം നടത്തിയതിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആദായ നികുതി ഉദ്യോഗസ്ഥരും എന്‍ഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളിലെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ ഓഫീസുകളില്‍ റെയ്ഡ് നടന്നത്. 2ജി, എയര്‍സെല്‍ മാക്‌സിസ്, എന്നീ ഇടപാടുകളില്‍ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം നികുതി വെട്ടിച്ച് അനധികൃതമായി പണം സമ്പാദിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ഡിസംബറില്‍ കാര്‍ത്തി ചിദംബരത്തിന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്.
വ്യക്തമായ കാരണവുമില്ലാതെയാണ് എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉപകാരപ്പെടുന്ന ഒന്നും തന്റെ ഓഫീസില്‍ നിന്ന് കണ്ടെത്തിയില്ലെന്നുമായിരുന്നു അന്ന് കാര്‍ത്തി ചിദംബരം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കാര്‍ത്തി ചിദംബരത്തിന്റെ പ്രതികരണങ്ങള്‍ക്കെതിരായ രേഖകളാണ് റെയ്ഡിലൂടെ ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റെയ്ഡില്‍ നാല് വില്‍പത്രങ്ങള്‍ ലഭിച്ചതായും ഇതില്‍ വിവിധ രാജ്യങ്ങളിലായി ചിദംബരം കുടുംബത്തിനുള്ള അനധികൃത സ്വത്ത് വ്യക്തമാക്കുന്നതുമായ രേഖകളുണ്ടെന്നുമാണ് വിവരം. ലണ്ടന്‍, ദുബൈ, ദക്ഷിണാഫ്രിക്ക, ഫിലിപ്പിന്‍സ്, തായ്‌ലന്‍ഡ്, സിംഗപ്പുര്‍, ശ്രീലങ്ക, മലേഷ്യ, ബ്രിട്ടീഷ് വിര്‍ജീനിയ ദ്വീപ്, ഫ്രാന്‍സ്, യുഎസ്‌എ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഗ്രീസ്, സ്‌പെയിന്‍ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കാര്‍ത്തിയുടെ വിവിധ സംരംഭങ്ങള്‍ സംബന്ധിച്ചുള്ള രേഖകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കാര്‍ത്തിയുടെ അഡ്വാന്റേജ് സ്‌ട്രാറ്റജിക് കണ്‍സള്‍ട്ടിങ് എന്ന കമ്പനിയും സിംഗപ്പൂരിലെ ഉപ കമ്പനിയും വഴിയായിരുന്നു ഇടപാടുകളെന്നും ചിദംബരം വഴിവിട്ട് വിദേശനിക്ഷേപ അനുമതി നല്‍കിയെന്ന വിവാദമായ മാക്‌സിസ്-എയര്‍സെല്‍ ഇടപാടില്‍ ഈ കമ്പനിക്കു പങ്കുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.