മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് 8 മരണം
|മഹാരാഷ്ട്രയിലെ ബീവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് 8 പേര് മരിച്ചു.
മഹാരാഷ്ട്രയിലെ ബീവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് 8 പേര് മരിച്ചു. 20 പേര് കെട്ടിടത്തില്‍ കുടുങ്ങികിടക്കുകയാണ്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് കോര്പറേഷന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുംബൈ ബീവണ്ടിയിലെ ഗരീബി നഗറില്‍ സ്ഥിതി ചെയ്തിരുന്ന കബീര്‍ എന്ന കെട്ടിടമാണ് നിലംപതിച്ചത്. ജീര്ണാവസ്ഥയില് ആയിരുന്ന കെട്ടിടം കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാവിലെ തകര്‍ന്നുവീഴുകയായിരുന്നു. എട്ട് കുടുംബങ്ങളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് 27 പേരെ രക്ഷപ്പെടുത്തി. 20 പേര് ഇപ്പോഴും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബീവണ്ടി-നിസാംപുര നഗരസഭ നേരത്തെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയില്‍ ഇതിനെ ഉള്‍പ്പെടുത്തിയിരുന്നു. കെട്ടിടം വാസയോഗ്യമല്ലെന്ന് അറിയിച്ച് താമസക്കാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.