India
ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യദിനം: 2016 ജനുവരിക്ക് ശേഷം മാത്രം ആക്രമിക്കപ്പെട്ടത് 54 മാധ്യമപ്രവര്‍ത്തകര്‍ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യദിനം: 2016 ജനുവരിക്ക് ശേഷം മാത്രം ആക്രമിക്കപ്പെട്ടത് 54 മാധ്യമപ്രവര്‍ത്തകര്‍
India

ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യദിനം: 2016 ജനുവരിക്ക് ശേഷം മാത്രം ആക്രമിക്കപ്പെട്ടത് 54 മാധ്യമപ്രവര്‍ത്തകര്‍

Khasida
|
20 May 2018 6:09 AM GMT

7 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിന് 25 പരാതികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 16 മാസത്തിനിടെ ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായത് 54 ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ട്. 2016 ജനുവരി മുതല്‍ ഇതുവരെയുള്ള കണക്കുകളാണ് ഇത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദ ഹൂട്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിന് 25 പരാതികളും ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 7 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കൃത്യമായ തെളിവുകള്‍ ശേഖരിച്ച് വാര്‍ത്ത നല്‍കിയെന്നതാണ് അവരുടെ കൊലപാതകത്തിന് കാരണമായത്.

ലോക മാധ്യമസ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്നലെയാണ് ദ ഹൂട്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വാര്‍ത്തയാകാത്ത അക്രമങ്ങള്‍ കൂടി കൂട്ടിവെക്കുമ്പോള്‍ ഈ കാലയളവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമങ്ങളുടെ എണ്ണം അതിലുമേറെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2014-15 കാലങ്ങളില്‍ 142 മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടെന്ന് കഴിഞ്ഞ ആഴ്ച ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗറാം അഹിര്‍ പാര്‍ലമെന്റിനെ അറിയിച്ചത് ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.

ഹന്‍സ്രാജ് ഗംഗറാം അഹിര്‍

ആ അര്‍ത്ഥത്തില്‍ 2015-16 കാലയളവിലെ കണക്കുകള്‍ ഇനി സര്‍ക്കാര്‍ പുറത്തുവിടണമെങ്കില്‍ ഇനിയും സമയമെടുക്കും. കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടതിന്റെ കണക്കുകള്‍ നമ്മെ തെല്ല് അസ്വസ്ഥമാക്കും. കാരണം 2014 ല്‍ 114 മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 32 പേര്‍ മാത്രമാണ്. 2015 ലാകട്ടെ, 28 കേസില്‍ മാത്രം അറസ്റ്റിലായ പ്രതികളുടെ എണ്ണം 41 ആണ്.

2017 തുടങ്ങിയപ്പോള്‍ കേട്ട വാര്‍ത്ത ബീഹാരില്‍ നിന്നാണ്. അതിലും കേസിന്റെ സ്വഭാവത്തില്‍ ഒട്ടും വ്യത്യാസമുണ്ടായിരുന്നില്ല. ഒരു കൂട്ടം അജ്ഞാതരുടെ തോക്കിനിരയായി, കാരണം അവ്യക്തം, കുടുംബകലഹമോ, വ്യക്തിവൈരാഗ്യമോ എന്ന് പൊലീസ് സംശയിക്കുന്നു... കഴിഞ്ഞു അന്വേഷണം.

2016 ല്‍ 6 മാധ്യമപ്രവര്‍ത്തകരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. എല്ലാം വാര്‍ത്തയായി. പക്ഷേ, കൊലപാതകത്തിന് കാരണം, സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയത് 3 കേസില്‍ മാത്രമാണ്.

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ 17 സംഭവങ്ങളാണ് 2016 ല്‍ ഉണ്ടായത്. കൊലപാതകവും, ബലാത്സംഗവും, മറ്റുതരത്തിലുള്ള ഭീഷണികളും അക്കൂട്ടത്തിലുണ്ടായിരുന്നു. 2017 തുടങ്ങിയപ്പോഴേക്കും മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതിന് 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് പ്രധാനമായും ഭീഷണി നേരിടുന്നത്. മണല്‍ മാഫിയ, ക്വാറി മാഫിയ, അനധികൃത നിര്‍മ്മാണങ്ങള്‍, പൊലീസ് അതിക്രമങ്ങള്‍, അരോഗ്യരംഗത്തെ അവഗണനകള്‍, അഴിമതി, തെരഞ്ഞെടുപ്പ് സ്റ്റോറികള്‍ - ഈ മേഖലകളില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചവരാണ് കൂടുതലും ജീവന് ഭീഷണിനേരിട്ടത്.

ചാനല്‍ സ്റ്റുഡിയോയിലിരുന്ന് ചാറ്റ് നടത്തുന്ന അവതാരകരും, സോഷ്യല്‍ മീഡിയ വഴി അഭിപ്രായപ്രകടനം നടത്തുന്നവരും ഭീഷണിക്ക് ഇരയാകുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമങ്ങളുടെയും ഭീഷണികളുടെയും കൃത്യമായ കണക്കുകള്‍ അടക്കമാണ് ദ ഹൂട്ട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോകത്തെ 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തെ പഠനവിധേയമാക്കിയതില്‍ ജനാധിപത്യ രാജ്യമായിട്ടും, ഇന്ത്യ 136ാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 133 ആയിരുന്നു. നരേന്ദ്രമോദിയുടെ ദേശീയതാവാദവും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സ്വയം സെന്‍സര്‍ഷിപ്പുമാണ് രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ താഴോട്ട് വലിക്കുന്നത് എന്നാണ് നിരീക്ഷണം. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്‌ ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിട്ടുള്ളത്. പാകിസ്താനേക്കാള്‍ മൂന്ന് പോയിന്റ് മാത്രമാണ് ഇന്ത്യ മുന്നിലുള്ളത്. എന്നാല്‍ എല്ലായ്പ്പോഴും സംഘര്‍ഷങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പലസ്തീനേക്കാള്‍ പിറകിലാണ് ഇന്ത്യ. ഇന്ത്യയുടെ അയല്‍രാജ്യങ്ങളാണ് ഭൂട്ടാന്റെ സ്ഥാനം 84ാമത്. നേപ്പാളിന്‍റേതാകട്ടെ 100ാമതും. നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ നാലു സ്ഥാനത്തായുള്ളത്. അമേരിക്കയുടെ സ്ഥാനം 43ാമതാണ്. സ്വേച്ഛാധിപത്യത്തിലുള്ള സിംബാവേ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട മാധ്യമസ്വാതന്ത്ര്യമാണുള്ളത്. ചൈനയുടെ സ്ഥാനം 176 ആണ്. ഉത്തരകൊറിയയാണ് ഏറ്റവും പിന്നില്‍.

രാജ്യത്ത് മാധ്യമപ്രവര്‍ത്തകരും വന്‍ തോതില്‍ വേട്ടയാടപ്പെടുന്നുവെന്നും റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്‌ റിപ്പോര്‍ട്ടിലുണ്ട്. ഓണ്‍ലൈന്‍ അപവാദപ്രചരങ്ങളും ഭീഷണികളും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഉയര്‍ന്നു വരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പ്രോസിക്യൂഷന്‍ രംഗത്തുവരുന്നു. രാജ്യദ്രോഹകുറ്റം വരെ ചുമത്തുന്നു. ഭീഷണിയുള്ളതിനാല്‍ സ്വയം സെന്‍ഷര്‍ഷിപ്പിന് വരെ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുന്നുവെന്നും റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്‌ റിപ്പോര്‍ട്ട് പറയുന്നു.

Similar Posts