തലൈവരുടെ രാഷ്ട്രീയം ചര്‍ച്ചയാക്കി തമിഴകം
|രജനീകാന്തിനെ രാഷ്ട്രീയത്തിലേയ്ക്ക് ക്ഷണിച്ച് നേതാക്കള്‍
നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴകം ചര്‍ച്ച ചെയ്യുന്നത്. എട്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആരാധകരെ അഭിസംബോധന ചെയ്ത രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശം ദൈവഹിതം പോലെ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടേറിയത്.
തിങ്കളാഴ്ചയാണ് ചെന്നൈയില്‍ രജനീകാന്ത് ആരാധകരെ കണ്ടത്. ഏറെ കാര്യങ്ങള്‍ പറഞ്ഞതിനൊപ്പം തന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച സൂചനയും നല്‍കി. ഇതോടെയാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചയായത്. കഴിഞ്ഞ നാലുദിവസങ്ങളായി തമിഴ്നാടിന്റെ വിവിധയിടങ്ങളില്‍ രജനീകാന്ത് ആരാധകരെ കാണുന്നുണ്ട്. കൂടികാഴ്ചകള്‍ ഇന്നു സമാപിയ്ക്കും.
ആരാധകരെ നേരില്‍ കണ്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കുകയാണ് രജനീകാന്തിന്റെ ലക്ഷ്യമെന്നാണ് സൂചനകള്‍. ബിജെപി. ഡിഎംകെ തുടങ്ങിയ കക്ഷികള്‍ രജനീകാന്തിനെ രാഷ്ട്രീയത്തിലേയ്ക്ക് സ്വാഗതം ചെയ്തിരുന്നു.
പലതവണ മാധ്യമപ്രവര്‍ത്തകര്‍ രജനീകാന്തിനെ കണ്ടിരുന്നെങ്കിലും രാഷ്ട്രീയ പ്രവേശം സംബന്ധിച്ച കൃത്യമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. ബിജെപിയുമായി രജനീകാന്ത് അടുക്കുന്നുവെന്ന പ്രചാരണങ്ങളും തമിഴകത്ത് സജീവമാണ്.