India
തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതിതിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി
India

തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി

Muhsina
|
20 May 2018 3:33 PM GMT

തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. തിയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുന്നത് നിര്‍ബന്ധമാക്കി 2016 നവംബറിൽ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി..

സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ 2016 ലെ ഉത്തരവ് കോടതി ഭേതഗതി ചെയ്തു. ഇക്കാര്യത്തില്‍ ഇനി തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനം എടുക്കാം. ദേശീയ ഗാനവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗരേഖ പുറത്തിറക്കാനുള്ള നടപടികളുമായി കേന്ദ്രത്തിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.

തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കും മുമ്പ് നിര്‍ബന്ധമായും ദേശീയ ഗാനം കേള്‍പ്പിക്കണം. സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കണം, ഈ സമയം എഴുന്നേറ്റ് നില്‍ക്കണം എന്നായിരുന്നു 2016 ന് നവംബര്‍ 30ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികള്‍ തീര്‍പ്പാക്കി കൊണ്ടാണ് കോടതി ഇന്ന് ഉത്തരവ് പരിഷ്‌കരിച്ചത്. ദേശീഗാനം തീയേറ്ററുകളില്‍ ഇനി നിര്‍ബന്ധമില്ല. ദേശീയ ഗാനം കേള്‍പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനം എടുക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

ദേശീയ ഗാനവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ 12 അംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ 2016 ലെ ഉത്തരവ് മരവിപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കോടതി നടപടി. ആറ് മാസത്തിന് ശേഷം സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ദേശീയ ഗാനവുമായി ബന്ധപ്പെട്ട ഉചിത മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ കേന്ദ്ര സമിതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Related Tags :
Similar Posts