India
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേന്ദ്ര ബജറ്റ്തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേന്ദ്ര ബജറ്റ്
India

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേന്ദ്ര ബജറ്റ്

Sithara
|
21 May 2018 1:22 PM GMT

18.57 ലക്ഷം വരവും 24.56 ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് 5.9 ലക്ഷം കോടി രൂപയുടെ കമ്മിയാണ് അടുത്ത സാമ്പത്തിക വര്‍ഷം മുന്നില്‍ കാണുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലെ അസംബഌ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നോട്ട് അസാധുവാക്കല്‍ തീരുമാനം ഉണ്ടാക്കിയ ജനരോഷം അകറ്റാനുള്ള വിവിധ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ കൂടുതലുമുള്ളത്. 18.57 ലക്ഷം വരവും 24.56 ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് 5.9 ലക്ഷം കോടി രൂപയുടെ കമ്മിയാണ് അടുത്ത സാമ്പത്തിക വര്‍ഷം മുന്നില്‍ കാണുന്നത്.

നോട്ട് പിന്‍വലിച്ചത് കാര്‍ഷികഗ്രാമീണ മേഖലയിലുണ്ടാക്കിയ തകര്‍ച്ച മുന്‍ നിര്‍ത്തി വിവിധ സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചെറുകിട വ്യാവസായിക മേഖലക്ക് ബജറ്റില്‍ കാര്യമായ ആശ്വാസം ലഭിച്ചിട്ടില്ല. കര്‍ഷകര്‍ക്ക് 100 ദിവസം തൊഴില്‍ ഉറപ്പു വരുത്താനും ഗ്രാമീണ തൊഴില്‍ ഉറപ്പു വരുത്തല്‍ പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തിയുമാണ് ജനരോഷം മറികടക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ യുവാക്കള്‍ക്ക് ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ അടിസ്ഥാനപരമായ പദ്ധതികള്‍ ബജറ്റിലില്ല.

നികുതിഘടനയിലും പണമിടപാടുകളിലും കൂടുതല്‍ സുതാര്യതയും വിശ്വാസ്യതയും കൊണ്ടുവരുന്നത് ലക്ഷ്യമിടുകയും രാഷ്ട്രീയ പാര്‍ട്ടികളെ കൂടി ആദായ നികുതി ഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത് മികച്ച നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ആദായനികുതി സ്‌ലാബുകളിലും നിരക്കിലും കൊണ്ടുവന്ന ഇളവുകളും സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. കൂടുതല്‍ ഗ്രാമങ്ങളെ അടുത്ത വര്‍ഷത്തോടെ ബ്രോഡ്ബാന്റ് കണക്ഷന്‍ പരിധിയില്‍ കൊണ്ടുവരുമെന്ന് ജയ്റ്റ്‌ലി അറിയിച്ചു. മറുഭാഗത്ത് ഡിജിറ്റല്‍ സാമ്പത്തിക ഘടനക്കനുകൂലമായ മറ്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ബജറ്റില്‍ ആവശ്യമായ നിക്ഷേപം വകയിരുത്തിയിട്ടില്ല.

2018ഓടെ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനും 2019ഓടെ രാജ്യത്ത് ഒരു കോടി പുതിയ വീടുകള്‍ നിര്‍മ്മിക്കാനും ഒരു കോടി പൗരന്‍മാരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കാനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പടെ റെയില്‍വേ, റോഡ് വികസന മേഖലകളില്‍ കഴിഞ്ഞ തവണ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെങ്കിലും പ്രതിദിനം 132 കിലോമീറ്റര്‍ റോഡും പ്രതിവര്‍ഷം 1070 കിലോമീറ്റര്‍ റെയിലുകളും നിര്‍മ്മിക്കുന്നുണ്ടെന്ന് ബജറ്റ് അവകാശപ്പെട്ടു.

പ്രധാന പ്രഖ്യാപനങ്ങള്‍

ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും

2019 ഒരു കോടി വീട് നിര്‍മാണത്തിന് സഹായം. ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 38 ലക്ഷം കോടി. അഞ്ച് ലക്ഷം കുളങ്ങള്‍ നിര്‍മിക്കും. 50 ജില്ലാപ‍ഞ്ചായത്തുകളെ ദാരിദ്ര്യ മുക്തമാക്കും. ഇതിനായി അന്ത്യോദയക്ക് കീഴില്‍ പ്രത്യേക പദ്ധതി. ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും

കാര്‍ഷിക, ഗ്രാമീണ മേഖലക്ക് 1,87,223 കോടി

കാര്‍ഷിക, ഗ്രാമീണ മേഖലക്ക് 1,87,223 കോടി അനുവദിക്കും. കരാര്‍ കൃഷി വ്യാപിപ്പിക്കുന്നതിന് പുതിയ നിയമം. ദേശീയ കാര്‍ഷിക വിപണികളുടെ എണ്ണം 500 ആക്കും. സൂക്ഷ്മ ജലസേചനത്തിന് 5000 കോടി. മണ്ണ് പരിശോധനക്ക് കൃഷിഭവനുകളില്‍ ലാബ്

റെയില്‍ സുരക്ഷക്ക് ലക്ഷം കോടി

റെയില്‍ പദ്ധതിക്ക് 55,000 കോടി ബജറ്റ് സഹായം. 3050 കി.മീ പുതിയ റെയില്‍ പാത. കോച്ചുകളെകുറിച്ച് പരാതി പരിഹരിക്കാന്‍ ഏകജാലക സംവിധാനം. സ്റ്റേഷനുകളില്‍ സോളാര്‍ വൈദ്യുത പദ്ധതി. 500 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും. റെയില്‍വെ ഓണ്‍ലൈന്‍ റിസര്‍വേഷന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. റെയില്‍ സുരക്ഷക്ക് ലക്ഷം കോടി

കേരളത്തിന് എയിംസ് ഇല്ല

കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല. അതേസമയം ഝാര്‍ഖണ്ഡിനും ഗുജറാത്തിനും എയിംസ് അനുവദിച്ചു.

ന്യൂനപക്ഷങ്ങള്‍ക്ക് 4091 കോടി

ന്യൂനപക്ഷങ്ങള്‍ക്ക് 4091 കോടി വകയിരുത്തി. പട്ടിക വിഭാഗങ്ങള്‍ക്ക് 52,393 കോടി.

വനിതാ ശിശു വികസനം 1,84,632 കോടി

വനിതാ ശിശു വികസനം 1,84,632 കോടി വകയിരുത്തി. സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലവും ഡിജിറ്റല്‍ പരിശീലനവും. ഗ്രാമങ്ങളില്‍ മഹിളാശക്തി കേന്ദ്രങ്ങള്‍

തൊഴില്‍ നിയമത്തില്‍ സമഗ്ര പരിഷ്കരണം

തൊഴില്‍ നിയമത്തില്‍ സമഗ്ര പരിഷ്കരണം വരും. കൂലി, സുരക്ഷ, വ്യവസായങ്ങളുടെ നടത്തിപ്പ് എന്നിവക്ക് ഊന്നല്‍

പ്രതിരോധ മേഖലക്ക് 2,74,114 കോടി

പ്രതിരോധ മേഖലക്ക് 2,74,114 കോടി അനുവദിച്ചു. ഓഹരി വില്‍പ്പന സമയബന്ധിതമായി നടപ്പാക്കും

2500 കോടിയുടെ ഡിജിറ്റല്‍ ഇടപാട് ലക്ഷ്യം

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കും. പെട്രോള്‍ പമ്പ്, ആശുപത്രി, കോളജ്, യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കും. ആധാര്‍ബന്ധിത പണമിടപാടിന് പുതിയ പദ്ധതി. ബാങ്കുകള്‍ക്ക് അധിക മൂലധനമായി 10000 കോടി

പൊതുമേഖലാ ഓഹരികള്‍ വില്‍ക്കും

കൂടുതല്‍ പൊതുമേഖലാ ഓഹരികള്‍ വില്‍ക്കും. ഓഹരി വില്‍പ്പന സമയബന്ധിതമായി നടപ്പാക്കും. വിദേശനിക്ഷേപം സുഗമമാക്കാന്‍ പുതിയ മാനദണ്ഡം. വിദേശനിക്ഷേപ പ്രമോഷന്‍ ബോര്‍ഡ് ഇല്ലാതാക്കും.

പഞ്ചായത്തുകളില്‍ അതിവേഗ ബ്രോഡ്ബാന്റ്

മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റുകള്‍ക്ക് ഇളവ്. ഒന്നര ലക്ഷം പഞ്ചായത്തുകളില്‍ അതിവേഗ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും

മെട്രോയില്‍ പൊതു - സ്വകാര്യ പങ്കാളിത്തം

മെട്രോറെയില്‍ നിയമം പുതുക്കും. മെട്രോ റെയില് നിര്‍മാണത്തില്‍ പൊതു - സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും

ആദായ നികുതി വരുമാനം വര്‍ധിപ്പിക്കും

കൂടുതല്‍ പേരെ നികുതി പരിധിയില്‍ കൊണ്ടുവരാന്‍ നോട്ട് പിന്‍വലിക്കല്‍ സഹായിക്കുമെന്ന് ധനമന്ത്രി അവകാശപ്പെട്ടു. നികുതി വെട്ടിപ്പുകാരുടെ എണ്ണം വളരെ കൂടുതലാണ്. പ്രതീക്ഷിത വരുമാനക്കമ്മി 1.9%. 2017 - 18 ധനക്കമ്മി 3.2 ശതമാനമാക്കുക ലക്ഷ്യം. ആകെ ചെലവ് 2147000 കോടി

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദായ നികുതിയില്‍ ഇളവ്

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദായ നികുതിയില്‍ ഇളവ് നല്‍കും. സര്‍ക്കാര്‍ ബോണ്ടുകളിന്മേലുള്ള നികുതി ഇളവ് 2020 വരെയായിരിക്കും. 50 കോടി വാര്‍ഷിക വരുമാനമുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് നികുതി ഇളവ്. എല്‍എന്‍ജിയുടെ നികുതി 2.5 ശതമാനമായി കുറച്ചു

പണമിടപാടുകള്‍ക്ക് നിയന്ത്രണം

പണമിടപാടുകള്‍ക്ക് നിയന്ത്രണം വരുന്നു. മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കറന്‍സി ഇടപാട് പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരാളില്‍ നിന്ന് പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം. ബാക്കി ചെക്കായി സ്വീകരിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. വ്യവസ്ഥകള്‍ പാലിക്കാത്ത പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും. ചാരിറ്റബില്‍ ട്രസ്റ്റുകള്‍ക്ക് പണമായി സ്വീകരിക്കാവുന്നത് 2000 രൂപ മാത്രം. ജനപ്രാതിനിധ്യ നിയമവും കമ്പനി നിയമവും പരിഷ്കരിക്കും

ആദായ നികുതി നിരക്ക് കുറച്ചു

മൂന്ന് ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതി അടക്കേണ്ടി വരില്ല. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5% ശതമാനം നികുതി. അഞ്ച് ലക്ഷത്തിലധികം വരുമാനമുള്ളവര്‍ക്ക് 12,500 രൂപ നികുതി ഇളവ്

Related Tags :
Similar Posts