ഗുജറാത്തില്‍ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
|ഹര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവരുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തി.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. ബിജെപിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയ സാമുദായിക സംഘടനകളെയടക്കം ഒപ്പം ചേര്‍ത്താണ് വിശാല സഖ്യത്തിനായുള്ള കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി ഹര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ എന്നിവരുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപിക്കെതിരെ വിശാലസഖ്യം രൂപീകരിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. നവംബര്‍ ആദ്യ വാരം നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ വിശാല സഖ്യം പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി ജനതാദള്‍ യുണൈറ്റഡ് വിമത നേതാവ് ഛോട്ടു വാസവ, പതിദര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍, ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍, ദലിത് പ്രചാരകന്‍ ജിഗ്‌നേഷ് മേവാനി എന്നിവരുമായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തി. ഛോട്ടു വാസവ ഒഴികെയുളള മൂവര്‍ക്കും കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനവും നല്‍കി.
ബിജെപിയെ പരാജപ്പെടുത്തുന്നതിന് കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന നിലപാട് ആവര്‍ത്തിച്ച ജിഗ്നേഷ് മേവാനി, കോണ്‍ഗ്രസ്സിന്റെ സീറ്റ് വാഗ്ദാനം സംബന്ധിച്ച് മറ്റ് ദലിത് സംഘടനകളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പ്രതികരിച്ചു. അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ളയാളാണ് താക്കൂര്‍.