കാശ്‍മീര്‍ അയഞ്ഞില്ല; സംഘര്‍ഷത്തില്‍ മരണം 39 ആയി
|പെല്ലറ്റ് തോക്കുകള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നേരിടുന്നത്.
ജമ്മുകാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന് ഒരാഴ്ച പിന്നിട്ടിട്ടും അയവില്ല. പെല്ലറ്റ് തോക്കുകള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നേരിടുന്നത്. പോലീസ് നടപടിയിലും സംഘര്‍ഷത്തിലും മരിച്ചവരുടെ എണ്ണം 39 ആയി. വിഷയത്തില്‍ ഇന്ത്യ-പാക്ക് പോരും മുറുകുകയാണ്
യുദ്ധഭൂമികളില്‍ പോലും ഉപയോഗിക്കാന്‍ അന്താരാഷ്ടതലത്തില്‍ ഏറെ നിയന്ത്രണമുള്ള ആയുധമാണ് പെല്ലറ്റ് തോക്കുകള്‍ . ഇവ ഉപയോഗിച്ചാണ് സൈന്യം ജമ്മു കാശ്മീര്‍ പ്രതിഷേധക്കാരെ നേരിടുന്നത്. ലോഹ ചീളുകളാണ് ഈ തോക്കില്‍ നിന്ന് പ്രവഹിക്കുക. ശരീരത്തില്‍ തറച്ചാല്‍ തിരിച്ചെടുക്കല്‍ ഏറെ പ്രയാസം. ഇത്തരത്തില്‍ പരിക്കേറ്റ് 2000ത്തോളം ആളുകളെയാണ് കശ്മീരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പെല്ലറ്റ് കണ്ണില്‍ തറച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്കടക്കം നിരവധി പേര്‍ക്ക് കാഴ്ച പൂര്‍ണ്ണമായും നഷ്ടമായതായി കാശ്മീര്‍ സന്ദര്‍ശിച്ച എംയിസ് നേതൃരോഗ വിദഗ്ധര്‍ വ്യക്തമാക്കുന്നു. പെല്ലറ്റ് പ്രയോഗിക്കാന്‍ സൈന്യത്തിന് അനുവാദം നല്‍കിയതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തില്‍ ഇന്ത്യാ പാക് വാക്പോരും മുറുകയാണ്. കശ്മീരിലെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പാക്കിസ്ഥാനില്‍ കരിദിനം ആചരിക്കാന്‍ പാക് മന്ത്രി സഭായോഗം തീരുമാനമെടുത്തിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്ഥാന്‍ ഇടപെടേണ്ടതില്ലെന്നാണ് ഇക്കാര്യത്തില്‍ പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ മറുപടി. കരിദിനം അടക്കം പാക്ക് മന്ത്രി സഭയുടെ തീരുമനങ്ങള്‍ ഇന്ത്യ തള്ളി. പാക്കിസ്ഥാന്‍ തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുകയാണെന്നും വിദേകാര്യ മന്ത്രാലയം വ്യക്തമാക്കി.