യോഗി ആദിത്വനാഥിനും സ്വാധിപ്രാചിക്കുമെതിരെ എന്തുകൊണ്ട് യുഎപിഎ ചുമത്തുന്നില്ലെന്ന് സാകിര്‍ നായിക്
|'മുന്‍വിധികളെ അഭിമുഖീകരിക്കുമ്പോള്‍' എന്ന തലക്കെട്ടില്‍ എഴുതിയ രണ്ടാമത്തെ തുറന്ന കത്തിലാണ് സാകിര്‍ നായിക് ഇസ്‍ലാമിക് റിസര്‍ച്ച് ഫൌണ്ടേഷനെതിരായ നിരോധത്തെ ഇസ്‍ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായിക് ചോദ്യം ചെയ്തിരിക്കുന്നത്.
ഇസ്‍ലാമിക് റിസര്‍ച്ച് ഫൌണ്ടേഷനെതിരായ അഞ്ചുവര്‍ഷത്തെ നിരോധം ഇന്ത്യയിലെ മുസ്‍ലിംകള്‍ക്കും സമാധാനത്തിനും ജനാധിപത്യത്തിനും നീതിക്കുമെതിരായ ആക്രമണമാണെന്ന് സാകിര്‍ നായിക്. 'മുന്‍വിധികളെ അഭിമുഖീകരിക്കുമ്പോള്‍' എന്ന തലക്കെട്ടില്‍ എഴുതിയ രണ്ടാമത്തെ തുറന്ന കത്തിലാണ് സാകിര്‍ നായിക് ഇസ്‍ലാമിക് റിസര്‍ച്ച് ഫൌണ്ടേഷനെതിരായ നിരോധത്തെ ഇസ്‍ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായിക് ചോദ്യം ചെയ്തിരിക്കുന്നത്.
ഐആര്‍എഫിനെ നിരോധിച്ചത് കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയപരമായ ഒരു തീരുമാനം മാത്രമാണ്. നോട്ടുനിരോധത്തിനിടെ ശ്രദ്ധതിരിക്കാനുള്ള നടപടിയാണതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്വേഷജനകമായ പ്രസംഗത്തിന്റെ പേരില്‍ എന്തുകൊണ്ട് യോഗി ആദിത്വനാഥിനും സ്വാധിപ്രാചിക്കുമെതിരെ യുഎപിഎ ചുമത്തുന്നില്ലെന്ന് സാകിര്‍ നായിക് ചോദിക്കുന്നു. വെറും രാഷ്ട്രീയനേട്ടത്തിന് വേണ്ടി വര്‍ഗീയത പരത്തുന്നതരത്തിലും പ്രകോപനപരവുമായി പ്രസംഗിക്കുന്നവരാണ് രാജേശ്വര്‍ സിംഗും യോഗി ആദിത്വനാഥും സ്വാധി പ്രാചിയുമൊക്കെ.. ഇവര്‍ക്കെതിരെയൊന്നും എന്തുകൊണ്ടാണ് നിയമം നടപ്പിലാവാത്തത് എന്നും സാകിര്‍ നായിക് ചോദിക്കുന്നു.
ഇത് എനിക്കെതിരെ മാത്രമുള്ള ആക്രമണമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഇത് ഞാന്‍ പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ മുസ്‍ലിംകള്‍ക്കെതിരായ നടപടിയാണ്. സമാധാനത്തെയും ജനാധിപത്യത്തെയും നീതിയെയും തകര്‍ക്കാനുള്ള നടപടിയാണ്. ഇത് റദ്ദാക്കാനുള്ള നിയമനടപടികളുമായി താന്‍ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറയുന്നു.
നിരോധത്തിന് മുമ്പ് തന്നോട് ഏതെങ്കിലും തരത്തിലുമുള്ള വിശദീകരണം ചോദിക്കുകയോ, തന്നെ വിശദീകരിക്കാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം സാകിര്‍ നായികിന്റെ സംഘടന ഇസ്‌ലാമിക് റിസര്‍ച് ഫൗണ്ടേഷനെ (ഐ.ആര്‍.എഫ്) കേന്ദ്രസര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ പേരില്‍ യു.എ.പി.എ പ്രകാരമായിരുന്നു വിലക്ക്.
ഇന്ത്യ വിട്ടു താമസിക്കുന്ന സാകിര്‍ നായിക് ഇപ്പോള്‍ ആഫ്രിക്കയിലാണുള്ളതെന്നാണ് വിശ്വസിക്കുന്നത്. ഒക്ടോബര്‍ 30 ന് പിതാവ് മരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും അദ്ദേഹം ഇന്ത്യയില്‍ എത്തിയിരുന്നില്ല.
നായികിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയും അദ്ദേഹത്തിന്റെ സ്ഥാപനമായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന് വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിയ പശ്ചാത്തലത്തില്‍ കഴിഞ്ഞ സെപ്തംബറിലും അദ്ദേഹത്തിന്റെ തുറന്ന കത്ത് പുറത്തുവന്നിരുന്നു.