ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് കമല്ഹാസന്
|ജെല്ലിക്കെട്ട് കളിച്ചിട്ടുള്ള അപൂര്‍വ്വം ചില നടന്മാരിലൊരാളാണ് ഞാന്‍. ഇത് ഞങ്ങളുടെ സംസ്കാരമാണ്. തമിഴ്നാട്ടുകാരനെന്ന നിലയില്‍ ഏറെ അഭിമാനിക്കുന്ന ഒരാളാണ് ഞാന്‍ - കമല്‍....
ജെല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് നടന് കമല്ഹാസന്. ചെന്നൈയില്‍ നടക്കുന്ന ഇന്ത്യ ടുഡേ സൌത്ത് കോണ്‍ക്ലേവിലാണ് കമലിന്റെ അഭിപ്രായ പ്രകടനം. താന്‍ ജെല്ലിക്കെട്ടിന്റെ വലിയ ആരാധകനാണെന്നും സൂപ്പര്‍താരം പറഞ്ഞു. ജെല്ലിക്കെട്ട് കളിച്ചിട്ടുള്ള അപൂര്‍വ്വം ചില നടന്മാരിലൊരാളാണ് ഞാന്‍. ഇത് ഞങ്ങളുടെ സംസ്കാരമാണ്. തമിഴ്നാട്ടുകാരനെന്ന നിലയില്‍ ഏറെ അഭിമാനിക്കുന്ന ഒരാളാണ് ഞാന്‍ - കമല്‍ പറഞ്ഞു.
ജെല്ലിക്കെട്ടിനെ സ്പെയിനില്‍ നടക്കുന്ന കാളപ്പോരുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. സ്പെയിനില്‍ കാളകളെ ഉപദ്രവിക്കുക പതിവാണ്. ഇത് മരണത്തിലേക്ക് പോലും നയിക്കുന്ന ഒന്നാണ്. എന്നാല്‍ തമിഴ്നാട്ടില്‍ കാളകളെ കുടുംബാംഗത്തെ പോലെയും ദൈവത്തെ പോലെയുമാണ് കാണുന്നത്. കാളയെ മെരുക്കല്‍ മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അല്ലാതെ ശാരിരകമായി ഉപദ്രവിക്കുകയോ കൊമ്പും മറ്റും ഒടിക്കുകയുമൊന്നുമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
2014ലാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹരജി കഴിഞ്ഞ നവംബറില്‍ സുപ്രീംകോടതി തള്ളിയിരുന്നു.