India
ബാബരി ഗൂഢാലോചനക്കേസ് വിധിയില്‍ സിബിഐക്കും യുപി സര്‍ക്കാരിനും വിമര്‍ശംബാബരി ഗൂഢാലോചനക്കേസ് വിധിയില്‍ സിബിഐക്കും യുപി സര്‍ക്കാരിനും വിമര്‍ശം
India

ബാബരി ഗൂഢാലോചനക്കേസ് വിധിയില്‍ സിബിഐക്കും യുപി സര്‍ക്കാരിനും വിമര്‍ശം

Sithara
|
22 May 2018 10:40 PM GMT

രാജ്യത്തെ മതേതരത്വത്തിന്‍റെ അടിത്തറയെ പിടിച്ച് കുലുക്കിയ കേസ് കാല്‍നൂറ്റാണ്ട് കാലത്തോളം നീണ്ടുപോയതിന്‍റെ മുഖ്യ ഉത്തരവാദി സിബിഐയാണെന്ന് വിധിയില്‍ പറയുന്നു

ബാബരി മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചനക്കേസ് പുനസ്ഥാപിച്ച സുപ്രീംകോടതി വിധിയില്‍ സിബിഐക്കും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമെതിരെ വിമര്‍ശം. രാജ്യത്തെ മതേതരത്വത്തിന്‍റെ അടിത്തറയെ പിടിച്ച് കുലുക്കിയ കേസ് കാല്‍നൂറ്റാണ്ട് കാലത്തോളം നീണ്ടുപോയതിന്‍റെ മുഖ്യ ഉത്തരവാദി സിബിഐയാണെന്ന് വിധിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ടുയര്‍ന്ന സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും വിധി കുറ്റപ്പെടുത്തുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വത്തിന്‍റെ അടിത്തറയെ പിടിച്ച് കുലുക്കിയ സംഭവമാണ് ബാബരി മസ്ജിദ് തകര്‍ക്കല്‍. കാല്‍ നൂറ്റാണ്ട് മുമ്പ് നടന്ന സംഭവത്തിലെ കുറ്റവാളികള്‍ ഇപ്പോഴും നിയമത്തിന് പുറത്താണ്. ഇതിന്‍റെ മുഖ്യ ഉത്തരവാദി കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ സിബിഐയാണ്. സുപ്രീംകോടതി വിധിയുടെ 28ആം പേജിലെ വരികളാണിത്. ഇങ്ങനെയൊക്കെയായിട്ടും കേസിലെ പ്രതികളായ എല്‍ കെ അദ്വാനിയുടെയും മുരളി മനോഹര്‍ ജോഷിയുടെയും മൌലികാവകാശത്തെക്കുറിച്ചാണ് കേള്‍ക്കേണ്ടി വരുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍റെ വാദങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട് വിധി പറയുന്നു.

റായ്ബറേലി കോടതിയിലെ കേസുകള്‍ ലക്നൌ കോടതിയിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നതാണ് അദ്വാനിയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കീഴ്ക്കോടതികളില്‍ അനുകൂലമായ പ്രധാന കാര്യം. ഈ വീഴ്ച പരിഹരിക്കാവുന്നത് മാത്രമാണെന്ന് 2001ല്‍ അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിജ്ഞാപനം ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെട്ട് സിബിഐ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു. അതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ സിബിഐ അജ്ഞാതമായ കാരണങ്ങളാല്‍ തയ്യാറായില്ലെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ആ സമയത്ത് കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപിയായിരുന്ന ഭരണത്തില്‍.

Similar Posts