ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ അനിശ്ചിതകാല സമരത്തിന്
|തിങ്കളാഴ്ച മുതല്‍ ജന്തര്‍മന്ദറില്‍ സമരം ആരംഭിക്കാനാണ് നിലവിലെ തീരുമാനം. ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനും സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കുമായി എട്ടംഗ സമിതി രൂപീകരിച്ചു.
ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം, ജോലി, നഷ്ടപരിഹാരം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. തിങ്കളാഴ്ച മുതല്‍ ജന്തര്‍മന്ദറില്‍ സമരം ആരംഭിക്കാനാണ് നിലവിലെ തീരുമാനം.
ഇറാഖില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായുള്ള വിദേശകാര്യമന്ത്രിയുടെ സ്ഥിരീകരണം വന്നയുടന്‍ തന്നെ ബന്ധുക്കളുടെ പ്രതിഷേധവും ശക്തമായിരുന്നു. നാല് വര്‍ഷമായി അവര്‍ സുരക്ഷിതരാണെന്ന് അറിയിച്ച സര്‍ക്കാര്‍ 39 പേര്‍ കൊല്ലപ്പെട്ട വിവരം പെട്ടെന്നറിയിച്ചത് എന്തുകൊണ്ടാണ്? പല തവണ ഡിഎന്‍എ പരിശോധന നടത്തിയിട്ടും വിവരങ്ങള്‍ അറിക്കാതിരുന്നത് എന്തുകൊണ്ട്? അവര്‍ കൊല്ലപ്പെട്ടത് എന്നാണ്? തുടങ്ങിയവയാണ് ബന്ധുക്കള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ വിവരം നേരിട്ടറിയിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കാനുള്ള തീരുമാനം. ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനും സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കുമായി എട്ടംഗ സമിതി രൂപീകരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ ധനസഹായവും ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.