ആണവദാതാക്കളുടെ ഗ്രൂപ്പില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ എതിര്‍ത്ത് ചൈനയും പാകിസ്താനും
|ഇന്ത്യയെ അംഗമാക്കുകയാണെങ്കില്‍ പാകിസ്താനെയും അംഗമാക്കണമെന്നാണ് ചൈനയുടെ നിലപാട്.
ആണവദാതാക്കളുടെ ഗ്രൂപ്പില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ എതിര്‍ത്ത് ചൈന രംഗത്ത്. ഇന്ത്യയെ അംഗമാക്കുകയാണെങ്കില്‍ പാകിസ്താനെയും അംഗമാക്കണമെന്നാണ് ചൈനയുടെ നിലപാട്. കഴിഞ്ഞ ദിവസം പാകിസ്താനും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
ആണവ വിതരണ ഗ്രൂപ്പിലെ അംഗരാജ്യങ്ങളുടെ നിര്‍ണ്ണായക യോഗത്തിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്. 48 എന്‍എസ്ജി അംഗരാജ്യങ്ങളാണ് വിയന്നയില്‍ യോഗം ചേര്‍ന്നത്. ഇന്ത്യയെ അംഗമാക്കണമെങ്കില്‍ പാകിസ്താനും അംഗത്വം നല്‍കണമെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യക്ക് അംഗത്വം നല്‍കുന്നത് ആണവായുധങ്ങള്‍ വ്യാപിക്കുന്നത് തടയാനുള്ള ശ്രമത്തിനെതിരാകുമെന്നും നടപടി ഇന്ത്യയുടെ മുഖ്യ എതിരാളിയായ പാകിസ്താനെ പ്രകോപിപ്പിക്കുകയും ചെയ്യുമെന്നും ചൈന ആരോപിക്കുന്നു. ഇന്ത്യന്‍ ശ്രമത്തിനെതിരെ ചൈനീസ് പിന്തുണയോടെ പാകിസ്താനും നേരത്തേ രംഗത്തുവന്നിട്ടുണ്ട്.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യയെ എന്‍.എസ്.ജിയില്‍ അംഗമാക്കുന്നത് ദക്ഷിണേഷ്യയില്‍ കടുത്ത അസ്ഥിരതക്ക് കാരണമാകുമെന്ന വാദമാണ് പാകിസ്താന്‍ ഉയര്‍ത്തിയത്. മേയ് 12നാണ് ചൈനയുടെ ശക്തമായ എതിര്‍പ്പിനിടയിലും അംഗത്വത്തിനായി ഇന്ത്യ അപേക്ഷിച്ചത്. ഒരാഴ്ച കഴിഞ്ഞ് പാകിസ്താനും അപേക്ഷിച്ചു. കഴിഞ്ഞ ദിവസം സമാപിച്ച, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനത്തിനിടെ യു.എസ്, സ്വിറ്റ്സര്‍ലന്‍ഡ്, മെക്സികോ എന്നീ രാജ്യങ്ങളുടെ പിന്തുണ എന്‍.എസ്.ജി വിഷയത്തില്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു. സിയോളില്‍ 20ന് നടക്കുന്ന യോഗത്തിലാണ് ഇന്ത്യന്‍ അംഗത്വം സംബന്ധിച്ച അന്തിമതീര്‍പ്പുണ്ടാവുക.