ടൈംസ് നൌവിനും അര്‍ണബ് ഗോ സ്വാമിക്കും സാകിര്‍ നായികിന്റെ വക്കീല്‍ നോട്ടീസ്
|നഷ്ടപരിഹാരമായി 500 കോടി രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലുമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ പറയുന്നു.
ടൈംസ് നൌ ചാനലിനും, അര്‍ണബ് ഗോ സ്വാമിക്കുമെതിരെ ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന്റെ 500 കോടി രൂപയുടെ മാനഷ്ടക്കേസ്. സ്റ്റോപ് സാകിര്‍ നായിക്ക് എന്ന ഹാഷ്ടാഗില് ടൈംസ് നൌവിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അര്‍ണബ് ഗോ സ്വാമി തനിക്കെതിരെ തെറ്റായതും, അധിക്ഷേപകരവുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും, ഇത് പൊതു മധ്യത്തില്‍ തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും സാകിര്‍ നായിക് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ധാക്കയില്‍ ഭീകരാക്രമണം നടത്തിയ ഐഎസ് ഭീകരര്‍ക്ക് സാകിര്‍ നായിക്കിന്റെ പ്രസംഗം പ്രചോദനമായെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ടൈംസ് നൌവില്‍ അര്‍ണബ് ഗോ സ്വാമി നയിക്കുന്ന ന്യൂസ് അവറില്‍ സ്റ്റോപ് സാകിര്‍ നായിക്കെന്ന ഹാഷ്ടാഗില് ചര്‍ച്ചകള്‍ നടന്നത്.
ഐഎസ് ഭീകരര്‍ക്ക് തന്റെ പ്രസംഗം പ്രചോദനമായി എന്ന് ആദ്യം വാര്‍ത്ത നല്കിയ ബംഗ്ലാദേശി പത്രം വാര്‍ത്ത തിരുത്ത ഖേദം പ്രടിപ്പിച്ചിട്ടും ഈ വാര്‍ത്തയെ ഉയര്‍ത്തിപ്പിടിച്ച് ടൈംസ് നൌ ചാനലില്‍ അര്‍ണബ് ഗോസ്വാമി തനിക്കെതിരെ അധിക്ഷേപകരമായ ചര്‍ച്ച നയിക്കുകയായിരുന്നുവെന്ന് സാകിര്‍ നായിക്കയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. പൊതു സമൂഹത്തില്‍ തന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയില്‍ അധിക്ഷേപകരവും, തെറ്റായതുമായ പരാമര്‍ശങ്ങളാണ് അര്‍ണബ് ഗോ സ്വാമി നടത്തിയത്. തന്നെ ഭീകരവാദിയായും, വര്‍ഗീയവാദിയായും ചര്‍ച്ചകളില്‍ ചിത്രീകരിച്ചു. തെറ്റ് അംഗീകരിച്ച് അര്‍ണബ് ഗോസ്വാമിയും ടൈംസ് നൌ ചാനലും മാപ്പ് പറയുകയും നഷ്ടപരിഹാരമായി 500 കോടി രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലുമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ പറയുന്നു. അര്‍ണബിന് പുറമെ, ടൈംസ് നൌ ചാനലിന്റെ മുംബൈ ബ്യൂറോ ചീഫ് മേഘ പ്രസാദ്, സിഇഓ അവിനാഷ് കൌള്‍ എന്നിവരെയും നോട്ടീസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.