സര്‍വകക്ഷി സംഘം ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും
|ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍വാനിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം തേടിയാണ് സംഘം കശ്മീരിലെത്തുന്നത്
പാര്‍ലമെന്റ് അംഗങ്ങളുടെ സര്‍വകക്ഷി സംഘം ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍വാനിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം തേടിയാണ് സംഘം കശ്മീരിലെത്തുന്നത്. സര്‍വകക്ഷി സംഘത്തെ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരികളും സിഖ് സംഘടനകളുടെ കൂട്ടായ്മയും അറിയിച്ചു.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലാണ് 30 അംഗ സര്‍വകക്ഷി സംഘം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കശ്മീരിലെത്തുന്നത്. കശ്മീര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്നലെ ഡല്‍ഹിയില്‍ സര്‍വകക്ഷി സംഘം യോഗം ചേര്‍ന്നിരുന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടനവാദ സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം പ്രധാനമായും മുന്നോട്ട് വെച്ചത്. അഫ്സ്പ നിയമം പിന്‍വലിക്കണമെന്നും സൈന്യത്തിന്റെ അമിതാധികാര പ്രയോഗത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഇടത് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
2010 ല്‍ സര്‍വകക്ഷി സംഘം ചര്‍ച്ച നടത്തി വാഗ്ദാനങ്ങള്‍ നല്‍കിയതല്ലാതെ മാറ്റങ്ങളൊന്നും വരാത്ത സാഹചര്യത്തിലാണ് സര്‍വകക്ഷി സംഘവുമായി ചര്‍ച്ചക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചത്. കശ്മീര്‍ സന്ദര്‍ശിച്ച രാജ്നാഥ് സിങ് പെല്ലറ്റ് ഗണ്‍ നിരോധിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിഖ് സംഘടന കൂട്ടായ്മ ആരോപിച്ചു. സര്‍വകക്ഷി സംഘത്തെ ബഹിഷ്ക്കരിക്കാന്‍ ഹുറിയത്തും തീരുമാനിച്ചിരുന്നു. കശ്മീരിലെ സംഘര്‍ഷത്തില്‍ ഇതുവരെ 72 പേരാണ് കൊല്ലപ്പെട്ടത്.