വിവരാവകാശ നിയമത്തിലെ പുതിയ ചട്ടങ്ങള്‍ വിവാദത്തില്‍
|വിവരാവകാശ പ്രവര്‍ത്തകരെ ശാരീരികമായി ഇല്ലായ്മ ചെയ്യാനുള്ള പ്രോത്സാഹനമാണ് ചട്ടം നല്‍കുകയെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍
വിവരാവകാശ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന പുതിയ ചട്ടങ്ങള്‍ വിവാദത്തില്‍. നിയമത്തെ അട്ടിമറിക്കുന്നതാണ് മുന്നോട്ട് വെച്ച ചട്ടങ്ങളില്‍ പലതുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അപേക്ഷകന്‍ മരിക്കുന്നതോടെ അപേക്ഷ അസാധുവാകുമെന്ന ചട്ടം, വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വധശിക്ഷയാണെന്ന അഭിപ്രായമാണ് വിവരാവകാശ പ്രവര്‍ത്തകര്‍ക്കുള്ളത്.
വിവരാവകാശ നിയമത്തിന്‍റെ നടത്തിപ്പിന് 2012ല്‍ രൂപീകരിച്ച ചട്ടങ്ങള്‍ക്ക് പകരമായ വിവരാവകാശ ചട്ടങ്ങള്‍ 2017ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ചട്ടങ്ങളിലെ രണ്ട് നിര്‍ദേശങ്ങളിലാണ് പ്രധാന എതിര്‍പ്പ്. അപേക്ഷകന്‍ മരിക്കുന്നതോടെ അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അവസാനിക്കും എന്ന് പറയുന്ന 12ആം ചട്ടത്തിലെ രണ്ടാം ഉപചട്ടമാണ് ഇതില്‍ ഒന്ന്. സമാന ചട്ടം കൊണ്ടുവരാനുള്ള ശ്രമം വിവരാവകാശ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു.
വിവരാവകാശ പ്രവര്‍ത്തകരെ ശാരീരികമായി ഇല്ലായ്മ ചെയ്യാനുള്ള പ്രോത്സാഹനമാണ് ചട്ടം നല്‍കുകയെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 2017ല്‍ മാത്രം 56 വിവരാവകാശ പ്രവര്‍ത്തകരാണ് കൊല ചെയ്യപ്പെട്ടതെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്നും അവര്‍ പറയുന്നു. അപ്പലറ്റ് അതോറിറ്റിക്കെതിരെ നല്‍കിയ പരാതികള്‍ രണ്ടാം അപ്പീലാക്കി മാറ്റാന്‍ വിവരാവകാശ കമ്മീഷണര്‍ അധികാരം നല്‍കുന്നതാണ് മറ്റൊരു വിവാദ ചട്ടം. ഇത് നിയപരമായ സങ്കീര്‍ണ്ണതകള്‍ അപേക്ഷകര്‍ക്ക് നല്‍കുമെന്നതാണ് വിമര്‍ശം.