ശരീരത്തിനുള്ളില്‍ 75 മൊട്ടുസൂചികളുമായി ജീവിക്കുന്ന മനുഷ്യന്‍
|ഇത്രയധികം മൊട്ടുസൂചികള്‍ എങ്ങനെ തന്റെ ശരീരത്തില്‍ വന്നുവെന്ന് ബദ്രിലാലിനും അറിയില്ല.
രാജസ്ഥാന്‍ സ്വദേശിയും 56 കാരനുമായ ബദ്രിലാല്‍ മീണ കാലുവേദനയും പ്രമേഹവും ശല്യപ്പെടുത്തിയപ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചത്. കോട്ട റെയില്‍വെ സ്റ്റേഷന്‍ ആശുപത്രിയില്‍ വെച്ച് സര്‍ജറിയും നടന്നു. അതോടുകൂടി തന്റെ ബുദ്ധിമുട്ടുകളെല്ലാം അവസാനിച്ചുവെന്നായിരുന്നു മീണ കരുതിയത്. സര്‍ജറിയുടെ വിജയമറിയാനായി ഏപ്രില്‍ മാസമെടുത്ത എക്സറേയില്‍ തെളിഞ്ഞത് ചില നടുക്കുന്ന സത്യങ്ങളാണ്.. വിവിധ ഭാഗങ്ങളിലായി 75 മൊട്ടുസൂചികളാണ് ബദ്രിലാല്‍ മീണയുടെ ശരീരത്തിലുള്ളതായി എക്സറേയില്‍ കണ്ടെത്തിയത്.
റെയില്‍വെ ജീവനക്കാരനാണ് ബദ്രിലാല്‍ മീണ. ശരീരത്തില്‍ തൊലിക്കുള്ളിലായാണ് ഈ പിന്നുകള്‍ എല്ലാം എക്സറേയില്‍ കണ്ടത് എന്നതാണ് ഡോക്ടര്‍മാരെ അമ്പരപ്പിച്ചിരിക്കുന്നത്. കഴുത്തിലും, കൈകളിലും കാലിലുമായാണ് പിന്നുകളിലധികവും കണ്ടെത്തിയിട്ടുള്ളത്. ഇത്രയധികം മൊട്ടുസൂചികള്‍ എങ്ങനെ തന്റെ ശരീരത്തില്‍ വന്നുവെന്ന് ബദ്രിലാല്‍ മീണയ്ക്കും അറിയില്ല. ഇനി മറ്റാരെങ്കിലും ബദ്രിലാലിനെ ബോധം കെടുത്തിയോ മറ്റോ സൂചികളെ തൊലിപ്പുറത്തേക്ക് തുളച്ചു കയറ്റിയതാണെങ്കില്‍ അത്തരം അടയാളവും തൊലിപ്പുറമെ ഇല്ലതാനും. ഈ സമസ്യക്ക് ഉത്തരം തേടുകയാണ് ബദ്രിലാലിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും.
ഇത്രയധികം മൊട്ടുസൂചികള്‍ ശരീരത്തിലുണ്ടെങ്കിലും അവയിലൊന്നുപോലും ആന്തരാവയവങ്ങളിലൊന്നും എത്തിയിട്ടില്ലായെന്നതും ഡോക്ടര്‍മാരെ കുഴക്കുന്നു. സൂചികള്‍ മീണ വിഴുങ്ങിയതായിരുന്നുവെങ്കില്‍ അവ എത്തേണ്ടിയിരുന്നത് വയറിനുള്ളിലോ അന്നനാളത്തിലോ ആയിരുന്നുവെന്ന് പറയുന്നു മീണയെ ചികിത്സിച്ച കോട്ട റെയില്‍വെ സ്റ്റേഷനിലെ സര്‍ജന്‍ ബി പാണ്ട.
പ്രമേഹബാധിതനായതിനാല്‍ സര്‍ജറി നടത്തി ഇത്രയധികം പിന്നുകളെ പുറത്തെടുക്കുക എന്നത് ബദ്രിലാലിന്റെ ജീവനെ അപകടത്തിലാക്കുമെന്ന് ഡോക്ടര്‍ ഭയക്കുന്നു. 40 സൂചികളാണ് തൊണ്ടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വലതു കാലില്‍ 25 എണ്ണവും രണ്ടെണ്ണം വീതം രണ്ട് കൈകളിലും തിരിച്ചറിഞ്ഞിട്ടുണ്ട്.