ദലിത് അതിക്രമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ കൂറ്റന്‍ പ്രതിരോധറാലി
|അമ്പതിനായിരത്തിലധം ആളുകള്‍ പങ്കെടുക്കുന്ന റാലികള്‍ക്ക് ജന്ദര്‍മന്തിറില്‍ പ്രതിഷേധം നടത്താന്‍ കഴിയില്ല എന്ന കാരണം നിരത്തിയായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്
രാജ്യത്തെ വര്‍ധിച്ചു വരുന്ന ദലിത് അതിക്രമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് ദലിത് പ്രതിഷേധം. ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് ദലിത് വിഭാഗക്കാര്‍ അണിനിരന്ന പ്രതിഷേധമാര്‍ച്ച് നടത്തിയത്. പൊലീസ് അനുമതി നിഷേധിച്ചുവെങ്കിലും വിലക്ക് ലംഘിച്ചുകൊണ്ടായിരുന്നു റാലി. അമ്പതിനായിരത്തിലധം ആളുകള്‍ പങ്കെടുക്കുന്ന റാലികള്‍ക്ക് ജന്ദര്‍മന്തിറില്‍ പ്രതിഷേധം നടത്താന്‍ കഴിയില്ല എന്ന കാരണം നിരത്തിയായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. എന്നാല്‍ പ്രതിഷേധത്തെ തടുക്കാന്‍ പൊലീസിനായില്ല.
ദലിതര്‍ക്കെതിരായ അതിക്രമത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ദലിതര്‍ ഹിന്ദുമതം ഉപേക്ഷിക്കുന്ന ചടങ്ങുകളും നടന്നു. നിരവധി യുവാക്കളാണ് ഹിന്ദു ആചാരപ്രകാരം കെട്ടിയ ചരടുകള്‍ മുറിച്ച് ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.
ശഹരണ്‍പൂരില്‍ ദലിത് വിഭാഗത്തിനെതിരെ താക്കൂര്‍ വിഭാഗക്കാര്‍ ആക്രമണം നടത്തിയതാണ് ഭീം ആര്‍മിക്ക് രൂപം നല്കാന് കാരണം. ചന്ദ്രശേഖര്‍ ആസാദ് എന്ന യുവാവാണ് ഭീം ആര്‍മിക്ക് രൂപം നല്‍കിയത്.