അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരായ വാര്‍ത്ത: വെബ്സൈറ്റിനെതിരെ 100 കോടിയുടെ മാനനഷ്ടകേസ്
|ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ കമ്പനി കണക്കില്‍ കവിഞ്ഞ ലാഭം സ്വന്തമാക്കിയ വാര്‍ത്ത പുറത്തുവിട്ട ദ വയ്ര് എന്ന വെബ്സൈറ്റിനെതിരെ 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയല്‍ ചെയ്യും.
ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ കമ്പനി കണക്കില്‍ കവിഞ്ഞ ലാഭം സ്വന്തമാക്കിയ വാര്‍ത്ത പുറത്തുവിട്ട ദ വയ്ര് എന്ന വെബ്സൈറ്റിനെതിരെ 100 കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. വാര്‍ത്ത അപകീര്‍ത്തികരവും ആക്ഷേപകരവും അടിസ്ഥാനരഹിതവുമാണെന്ന് മന്ത്രി അവകാശപ്പെട്ടു.
അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വെബ് സൈറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും പീയുഷ് ഗോയല്‍ ആരോപിച്ചു. തീര്‍ത്തും നിയമാനുസൃതമായാണ് ജയ് ഷാ ബിസിനസ് ചെയ്തത്. കമ്പനി ലോണുകളെടുത്തത് നിയമപരമായാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തയാള്‍ക്കും എഡിറ്റര്‍ക്കും വെബ്സൈറ്റിന്റെ ഉടമസ്ഥര്ക്കുമെതിരെയാണ് ജയ് ഷാ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയെന്നും മന്ത്രി വ്യക്തമാക്കി. അലഹബാദ് കോടതിയിലാണ് ഹരജി നല്‍കുക.
ജയ് ഷായുടെ പേരിലുള്ള കമ്പനിയുടെ വരുമാന വര്‍ധനവിലെ ദുരൂഹതയാണ് ദ വയ്ര് പുറത്തുവിട്ടത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയും അമിത് ഷാ പാര്‍ട്ടി ദേശീയ അധ്യക്ഷനാവുകയും ചെയ്ത അതേ കാലത്താണ് ടെംപിള്‍ എന്റര്‍പ്രൈസ് എന്ന കമ്പനിക്ക് ഈ കുതിച്ചുചാട്ടമുണ്ടായത്. 2014-15 വര്‍ഷത്തില്‍ 50000 രൂപയായിരുന്നു കമ്പനിയുടെ ടോണ്‍ ഓവറെങ്കില്‍ 2015-16ല്‍ 80.5 കോടിയായി മാറി. അതായത് 16000 മടങ്ങ് വരുമാന വര്‍ധനയാണുണ്ടായത്.