ആഭ്യന്തര വകുപ്പിനായി യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൌര്യയും തമ്മില്‍ പോരെന്ന് റിപ്പോര്‍ട്ട്
|ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കില്‍ ധനകാര്യ വകുപ്പ് ലഭിക്കണമെന്നാണ് മൌര്യയുടെ നിലപാടെങ്കിലും രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായ ദിനേശ് സിങിനും ആവശ്യമുള്ളത് ധനകാര്യ മന്ത്രാലയം തന്നെയാണ്
തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കി അവരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും പുതിയ വെല്ലുവിളിയായി ആഭ്യന്തര മന്ത്രി പദത്തിനായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുള്ള പോര്. മുഖ്യമന്ത്രിക്ക് പുറമെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യക്കാണ് ആഭ്യന്തര വകുപ്പില്‍ കണ്ണുള്ളത്, മോദിയുമായും അമിത് ഷായുമായും ആതിദ്യനാഥ് ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാരും പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കില്‍ ധനകാര്യ വകുപ്പ് ലഭിക്കണമെന്നാണ് മൌര്യയുടെ നിലപാടെങ്കിലും രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായ ദിനേശ് സിങിനും ആവശ്യമുള്ളത് ധനകാര്യ മന്ത്രാലയം തന്നെയാണ്.
ജംബോ മന്ത്രിസഭയാണെങ്കിലും പ്രധാന വകുപ്പുകളായ വിദ്യാഭ്യാസവും ആരോഗ്യവും മുഖ്യമന്ത്രി തന്നെ കൈവശം വയ്ക്കുമെന്നാണ് സൂചന. ചീഫ് സെക്രട്ടറി. ഡിജിപി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ മാറ്റാനിടയുണ്ടെന്നാണ് സൂചന.