കല്‍ക്കരി അഴിമതിക്കേസ്; മുന്‍ കല്‍ക്കരി സെക്രട്ടിമാര്‍ കുറ്റക്കാര്‍
|മധ്യപ്രദേശിലെ രുദ്രാപൂരിലുള്ള കല്‍ക്കരിപ്പാടം കമാല്‍ സ്പോഞ്ച് സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ക്രമ വിരുദ്ധമായി ഖനനാനുമതി നല്കിയ കേസിലാണ് ഇന്നത്തെ വിധി
മധ്യപ്രദേശിലെ രുദ്രാപൂരില്‍ സ്വകാര്യ കമ്പനിക്ക് കല്‍ക്കരിപ്പാടം ഖനനത്തിനായി നല്‍കിയതില്‍ അഴിമതിയാരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറിമാര്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി സിബിഐ കോടതി. സെക്രട്ടറി എച്ച്സി ഗുപ്ത, ജോയിന്റ് സെക്രട്ടറി കെഎസ് കോര്‍പ തുടങ്ങിയവര്‍ക്കൊപ്പം കെ.എസ്.എസ്.പി.എല്‍ കമ്പനി എംഡി എ കെ ആലുവാലിയയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കല്‍ക്കരി അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ആദ്യ കേസാണിത്.
മധ്യപ്രദേശിലെ രുദ്രാപൂരിലുള്ള കല്‍ക്കരിപ്പാടം കമാല്‍ സ്പോഞ്ച് സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ക്രമ വിരുദ്ധമായി ഖനനാനുമതി നല്കിയ കേസിലാണ് ഇന്നത്തെ വിധി. ലൈസന്‍സിനായി കമ്പനി നല്കിയ അപേക്ഷയില്‍ ആസ്തി വിവരങ്ങളും, ഖനനം ചെയ്യാനുള്ള പ്രാപ്തി സംബന്ധിച്ച വിവരങ്ങളും തെറ്റായാണ് നല്‍കിയത്. മാര്‍ഗ നിര്‍ദേശങ്ങള്‍ ഒന്നും കമ്പനി പാലിച്ചിട്ടില്ലെന്നിരിക്കെ,അപേക്ഷ പ്രാഥമി പരിഗണനയില്‍ തന്നെ തള്ളേണ്ടതാണെന്നും, എന്നാല്‍ കല്‍ക്കരി സെക്രട്ടറി എച്ച്സി ഗുപ്തയുടെ നേതൃത്വത്തില്‍ നടന്ന ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായി കെഎസ്എസ്പിഎല്‍ കമ്പനിക്ക് ലൈന്‍സ് നല്‍കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഇത് പൂര്‍ണ്ണമായും ശരിവെച്ചാണ് ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയുടെ വിധി. സെക്രട്ടറി എച്ച്സി ഗുപ്ത,ജോയിന്റ് സെക്രട്ടറിമാരായ കെഎസ് കോര്‍പ,കെസി സാംരിയ, കമ്പനി എംഡി പികെ അലുവാലിയ എന്നിവര്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ കോടതി പിന്നീട് വിധിക്കും. കേസില്‍ പ്രതിയായിരുന്ന കമ്പനി ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് അമിത് ഗോയലിനെ വെറുതെ വിട്ടു. മുഖ്യ പ്രതിയായ എച്ച്സി ഗുപ്ത 2006 മുതല്‍ 08 വരെ കല്‍ക്കരി സെക്രട്ടറിയും, കല്‍ക്കരി ലൈസന്‍സ് നല്‍കുന്നതിനുള്ള സ്ക്രീനിങ് കമ്മറ്റിയുടെ ചെയര്‍മാനുമായിരുന്നു. കല്‍ക്കരി അഴിമിതയുമായി ബന്ധപ്പെട്ട ഏട്ട് കേസുകളില്‍ ഗുപ്ത പ്രതിയാണ്.