രാജീവ് വധക്കേസ് പ്രതികളെ മോച്ചിപ്പിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്രം തള്ളി
|രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളുന്നത്...
രാജീവ്ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി. സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസില്‍ പ്രതികളെ മോചിപ്പിക്കുന്നതിന് അധികാരമില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി.
രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളുന്നത്. മെയ് 16ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടങ്ങള്‍ നിലവില്‍ വരുന്നതിന് രണ്ടു ദിവസം മുന്‍പാട് തമിഴ്നാട് ചീഫ്സെക്രട്ടറി കെ ഗണദേശികന്‍ ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചത്.
രാജീവ് ഗാന്ധി വധക്കേസില്‍ വര്‍ഷങ്ങളായി ജയില്‍ കഴിയുന്ന പ്രതികളെ മോചിപ്പിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. പ്രതികളില്‍ നിന്നും ഇത്തരത്തിലൊരു ആവശ്യമുന്നയിച്ചുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും നിലവില്‍ 24 വര്‍ഷമായി പ്രതികള്‍ ശിക്ഷ അനുഭവിച്ചു വരികയാണെന്നുമാണ് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നത്.
തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ മറുപടി. സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസില്‍ പ്രതികളെ മോചിപ്പിക്കുന്നതിന് അധികാരമില്ലെന്ന് കേന്ദ്രം മറുപടി നല്കി. സംസ്ഥാന സര്‍ക്കാരിന്റെ കത്തില്‍ നിയമന്ത്രാലത്തിന്റെ ഉപദേശം തേടിയ ശേഷമാണ് ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.
2014 ഫെബ്രുവരിയില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇക്കാര്യമാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. 1991 മെയില്‍ നടന്ന രാജീവ് ഗാന്ധി വധക്കേസില്‍ മുരുകന്, ശാന്തന്, പേരറിവാളന്, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ വധശിക്ഷക്ക് വിധിച്ച മുരുകന്, പേരറിവാളന്, ശാന്തന് എന്നിവരുടെ ശിക്ഷ രണ്ട് നേരത്തെ സുപ്രീംകോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.