വനിതാ സംവരണ ബില്ല് പാസ്സാക്കണം: മോദിക്ക് സോണിയയുടെ കത്ത്
|വനിതാ സംവരണ ബില്ല് പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്.
വനിതാ സംവരണ ബില്ല് പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. ലോക്സഭയിലെ ഭൂരിപക്ഷം പ്രയോജനപ്പെടുത്തി വനിതാ സംവരണ ബില്‍ പാസാക്കണമെന്നാണ് കത്തിലെ ആവശ്യം. കോണ്‍ഗ്രസ് പിന്തുണയുണ്ടാകുമെന്ന് അറിയിച്ച സോണിയാഗാന്ധി, ബില്ല് വനിതാ ശാക്തീകരണത്തിലെ സുപ്രധാന ചുവടുവെപ്പാകുമെന്നും കത്തില്‍ പറയുന്നു.
2010 മാര്‍ച്ച് 9ന് രാജ്യസഭയില്‍ പാസ്സാക്കിയ വനിത സംവരണ ബില്‍ പല കാരണങ്ങളാല്‍ ലോക്സഭയില്‍ കെട്ടിക്കിടക്കുന്നത് ഓര്‍മ്മിപ്പിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത് ആരംഭിക്കുന്നത്. ലോക്സഭയിലെ ഭൂരിപക്ഷം പ്രയോജനപ്പെടുത്തി സ്ത്രീ ശാക്തീകരണത്തിലെ സുപ്രധാന ചുവടുവെപ്പാകുന്ന ബില്ല് പാസാക്കണമെന്ന് ആവശ്യപ്പെട്ട സോണിയ അതിന് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകുമെന്നും കത്തില്‍ ഉറപ്പ് നല്കുന്നു.
1989ൽ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും സ്ത്രീകൾക്ക് സംവരണം നൽകുന്നതിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാക്കാനായി കോണ്‍ഗ്രസിന്റെയും രാജീവ് ഗാന്ധിയുടെയും ശ്രമത്തെ രാജ്യസഭയിൽ പ്രതിപക്ഷ പാർടികൾ തടസ്സപ്പെടുത്തിയതും പിന്നീട് 1993ല്‍ ഇരു സഭകളും ഭരണഘടന ഭേദഗതി പാസ്സാക്കിയതും ഓര്‍മ്മിപ്പിച്ചാണ് കത്ത് അവസാനിക്കുന്നത്. നിയമ സഭയിലും ലോക്സഭയിലും 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യുന്ന ബില്‍ അടുത്ത ശൈത്യകാല സമ്മേളത്തില്‍ വരുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സോണിയയുടെ കത്ത്.