ദലിത് മിശ്രവിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം
|വധുവോ വരനോ ദലിത് ആകണം. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്കാണ് നേരത്തെ തുക നല്‍കിയിരുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം വരുമാനം ബാധകമല്ല.
ദലിതരുമായുള്ള മിശ്രവിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വധുവോ വരനോ ദലിത് ആകണമെന്നതാണ് നിബന്ധന. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയ്ക്ക് താഴെയുള്ളവര്‍ക്കാണ് നേരത്തെ ഈ തുക നല്‍കിയിരുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം വരുമാനം ബാധകമല്ല.
2013ലാണ് മിശ്രവിവാഹത്തിലൂടെ സാമൂഹിക ഏകീകരണം ലക്ഷ്യമിട്ട് ഡോ. അംബേദ്കര്‍ സ്‌കീം തുടങ്ങിയത്. പ്രതിവര്‍ഷം കുറഞ്ഞത് 500 വിവാഹങ്ങളെങ്കിലും ഇത്തരത്തില്‍ നടക്കണമെന്ന് ലക്ഷ്യം വെച്ചാണ് പദ്ധതി കൊണ്ടുവന്നത്. ദമ്പതികളുടെ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തില്‍ കവിയരുത് എന്നാണ് തുടക്കത്തിലുണ്ടായിരുന്ന നിബന്ധന. ആദ്യ വിവാഹമായിരിക്കണം, ഹിന്ദു മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണം എന്നിവയായിരുന്നു മറ്റ് നിബന്ധനകള്‍.
എന്നാല്‍ വരുമാന പരിധി ബാധകമല്ലെന്നാണ് സാമൂഹ്യനീതി വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് അയച്ച പുതിയ അറിയിപ്പില്‍ പറയുന്നത്. ദമ്പതികള്‍ അവരുടെ ആധാര്‍ കാര്‍ഡ് വിവരങ്ങളും ആധാറുമായി ബന്ധിപ്പിച്ച ജോയിന്‍റ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കണമെന്നും പുതിയ നിര്‍ദേശത്തിലുണ്ട്.
വരുമാന നിബന്ധന ഉണ്ടായിരുന്നതിനാല്‍ 2014-15ല്‍ അഞ്ച് പേര്‍ക്കും 2015-16ല്‍ അപേക്ഷിച്ച 522 പേരില്‍ 72 പേര്‍ക്കും 2016-17ല്‍ അപേക്ഷിച്ച 736 പേരില്‍ 45 പേര്‍ക്കുമാണ് പാരിതോഷികം ലഭിച്ചത്. ഈ വര്‍ഷം ഇതുവരെ 409 പേര്‍ അപേക്ഷിച്ചെങ്കിലും 74 പേര്‍ക്ക് മാത്രമാണ് തുക ലഭിച്ചത്.
ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ്, മേഖാലയ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ 90 ശതമാനം വിവാഹങ്ങളും ഒരേ ജാതിയില്‍പ്പെട്ടവര്‍ തമ്മിലാണ് നടക്കുന്നത്. കേരളം, പഞ്ചാബ്, സിക്കിം, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് മിശ്രവിവാഹങ്ങള്‍ കുറച്ചെങ്കിലും നടക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.