"എന്നെയും കുടുംബത്തെയും രക്ഷിക്കൂ": പ്രധാനമന്ത്രിക്ക് ബലാത്സംഗ ഇരയുടെ ചോരയിലെഴുതിയ കത്ത്
|ബലാത്സംഗത്തിന് ഇരയായ ഉത്തര്‍ പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടി നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വന്തം രക്തം കൊണ്ട് കത്തെഴുതി.
ബലാത്സംഗത്തിന് ഇരയായ ഉത്തര്‍ പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടി നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വന്തം രക്തം കൊണ്ട് കത്തെഴുതി. കുറ്റവാളികളെ ശിക്ഷിക്കണം, കുടുംബത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തണം എന്നിവയാണ് കത്തിലൂടെ 18കാരി ആവശ്യപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ചോര കൊണ്ട് കത്തെഴുതിയത്. 'എന്നെയും എന്‍റെ കുടുംബത്തെയും രക്ഷിക്കൂ' എന്നാണ് എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ അപേക്ഷ. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെന്നും കേസില്‍ നിന്ന് പിന്മാറാന്‍ കുറ്റവാളികള്‍ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുവെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.
അങ്കിത് വര്‍മ, ദിവ്യപാണ്ഡെ എന്നീ രണ്ട് പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് ഇരുവരും ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി അങ്കിതിന്‍റെ ലക്നൌവിലെ ഫ്ലാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് പെണ്‍കുട്ടി പറയുന്നു.
അതിനിടെ പെണ്‍കുട്ടിയുടെ സഹോദരിയുടെ പേരില്‍ അജ്ഞാതര്‍ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഇതോടെ പ്ലസ് വണില്‍ പഠിക്കുന്ന പെണ്‍കുട്ടി പഠനം നിര്‍ത്തി. ഈ സംഭവത്തിന് പിന്നിലും പാണ്ഡെയും അങ്കിതുമാണെന്ന് കുടുംബം പറയുന്നു. ഈ സംഭവത്തിലും പരാതി നല്‍കിയിട്ട് പൊലീസ് നടപടിയെടുത്തില്ല. അതേസമയം കോടതിയുടെ സ്റ്റേയുള്ളതിനിലാണ് ഇരുവരെയും അറസ്റ്റ് ചെയ്യാത്തതെന്നാണ് പൊലീസിന്‍റെ വിശദീകരണം.