"ഞങ്ങളെ വേണ്ടെങ്കില്‍ നമസ്കാരം പറഞ്ഞ് സഖ്യം വിടും": കേന്ദ്ര ബജറ്റിനെതിരെ തെലുങ്കുദേശം പാര്‍ട്ടി
|കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ പ്രതികരണവുമായി എന്‍ഡിഎ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി.
കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ പ്രതികരണവുമായി എന്‍ഡിഎ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി. ബജറ്റില്‍ ആന്ധ്ര പ്രദേശിനെ അവഗണിച്ചതില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കടുത്ത നിരാശയിലാണെന്ന് കേന്ദ്രമന്ത്രി വൈ എസ് ചൌധരി പ്രതികരിച്ചു. "അവര്‍ക്ക് ഞങ്ങളെ വേണ്ടെങ്കില്‍ നമസ്കാരം പറഞ്ഞ് പിരിയാന്‍ തയ്യാറാണ്" എന്നാണ് ചന്ദ്രബാബു നായിഡുവിന്‍റെ നിലപാട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അടിയന്തരയോഗം നാളെ ചേരും.
ബിജെപിയുമായി സഖ്യമുള്ളതിനാല്‍ പരസ്യ വിമര്‍ശം ഉന്നയിക്കരുതെന്ന് ചന്ദ്രബാബു നായിഡു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ അതിനുശേഷവും നേതാക്കള്‍ ബജറ്റ് സംബന്ധിച്ച വിമര്‍ശം തുടരുകയാണ്. മൂന്ന് സാധ്യതകളാണ് പാര്‍ട്ടി പരിശോധിക്കുന്നതെന്ന് ടിഡിപി എംപി ടി ജി വെങ്കിടേഷ് പറഞ്ഞു. മുന്നണിയില്‍ തുടര്‍ന്ന് അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുക, എംപിമാര്‍ രാജിവെയ്ക്കുക, മുന്നണി വിടുക എന്നിവയാണ് പാര്‍ട്ടി പരിശോധിക്കുന്ന മൂന്ന് സാധ്യതകളെന്ന് എംപി പറഞ്ഞു.
ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും പരിഗണിക്കാതിരുന്നതാണ് തെലുങ്കുദേശത്തെ ചൊടിപ്പിച്ചത്. ബജറ്റ് ഗംഭീരമാണ്, പക്ഷേ അത് കടലാസില്‍ മാത്രമാണെന്ന‌് ശിവസേനയും വിമര്‍ശിച്ചു.