India
വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി തമിഴ്‌നാട് ഗവര്‍ണര്‍; വിവാദം പുകയുന്നുവാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി തമിഴ്‌നാട് ഗവര്‍ണര്‍; വിവാദം പുകയുന്നു
India

വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി തമിഴ്‌നാട് ഗവര്‍ണര്‍; വിവാദം പുകയുന്നു

Khasida
|
24 May 2018 5:42 AM GMT

ഗവര്‍ണറുടെ നടപടിയില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച മാധ്യമപ്രവര്‍ത്തക താന്‍ മുഖം പലതവണ കഴുകിയെന്നും ട്വീറ്റില്‍ കുറിച്ചു.

വാര്‍ത്താസമ്മേളനത്തിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വീണ്ടും വിവാദത്തില്‍. ബിരുദം ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥിനികളെ ലൈംഗികവൃത്തിയ്ക്കായി പ്രേരിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി വിളിച്ചുചേര്‍ത്ത് വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം.

ബിരുദം ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥിനികളെ ലൈംഗികവൃത്തിയ്ക്കായി പ്രേരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകക്ക് മറുപടി നല്‍കുന്നതിന് പകരം ഗവര്‍ണര്‍ കവിളില്‍ തലോടുകയായിരുന്നു. ദ വീക്കിലെ മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി സുബ്രഹ്മണ്യന്റെ ശരീരത്തിലാണ് അനുവാദമില്ലാതെ ഗവര്‍ണര്‍ സ്പര്‍ശിച്ചത്. ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത് ലക്ഷ്മി സുബ്രഹ്മണ്യന്‍ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തായത്.

‘വാര്‍ത്തസമ്മേളനം കഴിഞ്ഞപ്പോള്‍ ഞാന്‍ ഗവര്‍ണറോട് ചില കാര്യങ്ങള്‍ ചോദിക്കുകയായിരുന്നു. അപ്പോള്‍ അയാള്‍ എന്റെ സമ്മതമില്ലാതെ കവിളില്‍ തലോടുകയായിരുന്നു. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുശേഷമായിരുന്നു ഗവര്‍ണറുടെ നടപടി. അനുവാദിമില്ലാതെ ഒരാളുടെ പ്രത്യേകിച്ച് ഒരു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് അംഗീകരിക്കാനാവില്ല.’ ട്വീറ്റില്‍ ലക്ഷ്മി സുബ്രഹ്മണ്യന്‍ കുറിച്ചു. ഗവര്‍ണറുടെ നടപടിയില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച മാധ്യമപ്രവര്‍ത്തക താന്‍ മുഖം പലതവണ കഴുകിയെന്നും ട്വീറ്റില്‍ കുറിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ബിരുദങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികവൃത്തിയ്ക്ക് അധ്യാപിക നിര്‍ബന്ധിക്കുന്നതായി പരാതിയില്‍ ഇന്നലെ ചെന്നൈയിലെ കോളേജ് പ്രൊഫസര്‍ കൂടിയായ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ വിരുദു നഗറിലെ കോളേജ് അധ്യാപികയായ നിര്‍മ്മലാദേവി അറസ്റ്റിലായത്. വാര്‍ത്താ സമ്മേളനത്തിനിടെ തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളെയും തളളുകയായിരുന്നു ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. അധ്യാപികയെ ഇതുവരെ കണ്ടിട്ടുപോലുമില്ല. സംഭവത്തില്‍ അന്വേഷണത്തിനായി ഏകാംഗ കമ്മിഷനെ നിയോഗിച്ചുവെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കോളജിലെ അസിസ്റ്റന്റ് പ്രഫ. നിര്‍മലാ ദേവിയാണ് നാല് വിദ്യാര്‍ഥികളെ അനാശ്യാസത്തിന് പ്രേരിപ്പിച്ചത്. കുട്ടികള്‍ ഓഡിയോ ക്ളിപ്പ് പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണറുമായി തനിക്ക് നല്ല ബന്ധമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയാണ് നിങ്ങളോട് സംസാരിയ്ക്കുന്നതെന്നും അധ്യാപിക വിദ്യാര്‍ഥികളോട് പറയുന്നുണ്ട്. എന്നാല്‍, ഈ അധ്യാപികയുമായി ഒരു ബന്ധവും ഇല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

റിട്ടയേര്‍ഡ് ഐഎഎസ് ഓഫിസറായ ആര്‍. സന്താനമാണ് കേസ് അന്വേഷിയ്ക്കുക. മുപ്പതിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കും. വേണമെങ്കില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിയ്ക്കും. മുഴുവന്‍ സര്‍വകലാശാലകളിലും കൂടുതല്‍ ശ്രദ്ധയുണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു

സംഭവത്തില്‍ ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. കോളജില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലും പ്രക്ഷോഭം നടക്കുന്നു. അറസ്റ്റിലായ അധ്യാപികയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ക്രൈംബ്രാഞ്ച് സിഐഡി വിഭാഗമാണ് നിലവില്‍ കേസ് അന്വേഷിയ്ക്കുന്നത്. അതിനിടെയാണ് വാര്‍ത്താ സമ്മേളനത്തിനിടെ മറ്റൊരു വിവാദം ഗവര്‍ണര്‍ സൃഷ്ടിച്ചിരിക്കുന്നത്.

Similar Posts